ബംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിൽ തിങ്കളാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ കൊടുങ്കാറ്റിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീണ് തീപടർന്ന് രണ്ട് പേർക്ക് പരിക്കേറ്റു. മല്ലികാർജുന ക്ഷേത്രത്തിന് സമീപത്തുള്ള പഴയ ട്രാൻസ്ഫോർമർ തൂൺ പൊട്ടിയതാണ് അപകട കാരണം. തുടർന്ന് വീടുകളുമായി ബന്ധിപ്പിച്ചിരുന്ന കണക്ഷനുകളിലേക്കും തീ പടർന്നു. ഷോർട്ട് സർക്യൂട്ടാണ് തീ പടർന്നതിന്‍റെ പ്രധാന കാരണമെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതാഘാതമേറ്റ രണ്ട് പേരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. നൂറിലധികം വീടുകളിലെ ടെലിവിഷനുകൾ, റഫ്രിജറേറ്ററുകൾ, ഫാനുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. വീടിന് പുറത്തുള്ള വൈദ്യുതി ലൈനുകളിലൂടെ തീ പടരുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇത് പ്രദേശത്ത് വലിയ ഭീതിക്ക് ഇടയാക്കി.
തകർന്ന ലൈനുകളിൽ നിന്ന് തീപ്പൊരികൾ ഉയർന്ന് ഒരു ലൈനിൽ നിന്ന് മറ്റൊന്നിലേക്ക് പടരുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. അപകട സമയത്ത് താമസക്കാർ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ഷെഡുകളിൽ കിടന്നിരുന്ന പശുക്കൾ ശക്തമായ ശബ്ദം കേട്ട് പരിഭ്രാന്തരായെന്നും നാട്ടുകാർ പറഞ്ഞു. കാലഹരണപ്പെട്ട വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളാണ് ഈ അപകടത്തിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം. ചില ലൈനുകൾക്ക് 45 വർഷത്തിലേറെ പഴക്കമുണ്ടെന്നു അവർ പറയുന്നു. സംഭവത്തെ തുടർന്ന് യാദ്ഗിറിലെ പഴകിയ വൈദ്യുതി ലൈനുകളും ട്രാൻസ്ഫോർമറുകളും പരിശോധിച്ച് പുനഃസ്ഥാപിക്കണമെന്ന് ഗെസ്‌കോം (ഗുൽബർഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി) അധികൃതരോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഗ്രാമവാസികളുടെ ജാഗ്രതയും വേഗത്തിലുള്ള ഇടപെടലും കാരണം വലിയൊരു ദുരന്തം ഒഴിവായി.