കൊച്ചി : സാക്ഷര കേരളമെന്ന് അഭിമാനപൂര്‍വം പറയുന്ന കേരളത്തില്‍ ആഭ്യന്തര വകുപ്പിന്റെ വീഴ്‌ചയില്‍ തെറ്റ് ചെയ്യപ്പെടാത്ത ഒരു സ്‌ത്രീയ്‌ക്ക് ജയിലഴിക്കുള്ളില്‍ കഴിയേണ്ടി വന്നത് 72 ദിവസം. ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായ സ്‌ത്രീയെ ലഹരിമരുന്നുമായി അറസ്റ്റ് ചെയ്‌ത കേസിലാണ് നിര്‍ണായകമായ ട്വീസ്‌റ്റ് സംഭവിച്ചിരിക്കുന്നത്. ചാലക്കുടി നഗരത്തിൽ പ്രവർത്തിക്കുന്ന ‘ഷീ സ്റ്റൈൽ’ ബ്യൂട്ടി പാർലറിന്റെ ഉടമയായ ഷീല സണ്ണിയുടെ ബാഗില്‍ നിന്നും 12 എല്‍എസ്‌ഡി സ്‌റ്റാമ്പുകള്‍ പിടിച്ചെടുത്തു എന്നാരോപിച്ചായിരുന്നു ഈ ക്രൂരത. തെറ്റുകാരിയല്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന് തെളിയിക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിവന്നത് രണ്ടര മാസക്കാലമാണ്. ചുരുക്കം പറഞ്ഞാല്‍ മാന്യമായി തൊഴില്‍ ചെയ്‌ത് കുടുംബം പുലര്‍ത്തിയിരുന്ന ഒരു സ്‌ത്രീയെ സമൂഹത്തിന് മുമ്പില്‍ കുറ്റവാളിയാക്കുവാന്‍ പിണറായി വിജയന്റെ എക്‌സൈസ് വകുപ്പിന് കഴിഞ്ഞു.
കൊടും കുറ്റവാളികള്‍ക്കും അഴിമതിക്കാര്‍ക്കും രക്ഷപെടാന്‍ നിയമം അവസരം നല്‍കുമ്പോഴാണ് നിര്‍ദോഷിയായ ഒരു സ്‌ത്രീയെ കുറ്റം ആരോപിച്ച് സമൂഹത്തില്‍ അപഹാസ്യയാക്കിയത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. തെറ്റുചെയ്യാതെ ശിക്ഷിക്കപ്പെടുന്ന ആയിരം ഷീല സണ്ണിമാര്‍ നമ്മുടെ സമൂഹത്തിലുണ്ട്. കുറ്റവാളികള്‍ എന്ന് പറഞ്ഞ് അറസ്‌റ്റ് ചെയ്യപ്പെടുന്ന വ്യക്തികളുടെ വാക്കുകള്‍ മുഖവിലക്കെടുക്കാതെ നിയമങ്ങള്‍ അലംഭാവത്തോടെ കൈകാര്യം ചെയ്യുന്ന നിയമപാലകരുടെ ഇരകളാണ് ഷീല സണ്ണിയെ പോലെയുള്ള ആളുകള്‍. ചില സാഹചര്യങ്ങളില്‍ മര്‍ദനത്തിന് പോലും ഇരയാകേണ്ടി വരുന്നവരുണ്ട്. മാനസിക സംഘര്‍ഷം മൂലം ആത്മഹത്യ ചെയ്യുന്നവരുമുണ്ട്. ഇവിടെയാണ് ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന ആപ്‌തവാക്യം ലംഘിക്കപ്പെടുന്നത്. നിരപരാധികളെ ക്രൂശിച്ചതിന് ശേഷം സംരക്ഷണത്തിന് പടച്ചട്ട ധരിച്ച് പുറത്തിറങ്ങുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്?. ഉദ്യോഗസ്ഥരുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ വളം വെച്ചുകൊടുക്കുകയാണ് എന്ന് തന്നെ പറയാം. ഒന്നു കഴിഞ്ഞാല്‍ മറ്റൊന്ന് എന്ന ഭാവമാണ് സര്‍ക്കാര്‍ പലപ്പോഴും സ്വീകരിക്കുന്നത്. പ്രതിഷേധവും വിമര്‍ശനങ്ങളും ആളിക്കത്തുമ്പോള്‍ വാളെടുത്ത് ജനങ്ങളെ ഭീഷണിപ്പെടുത്താനല്ലാതെ മറ്റൊന്നിനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. വാഗ്ദാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അറിയാത്ത സര്‍ക്കാരിന് ഒരു സാധാരണക്കാരന്റെ വേദന അറിയണമെന്നില്ലല്ലോ…
സംരംഭകര്‍ കേരളം വിട്ട് അയല്‍ സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നതിന്റെ കാരണം പരിശോധിച്ചാല്‍ മാത്രംമതി ഉദ്യോഗസ്ഥരുടെ പീഡനം എത്രത്തോളം ഉണ്ടെന്നു മനസ്സിലാക്കുവാന്‍. ഷീല സണ്ണിക്കും ഇവരുടെ ഭര്‍ത്താവിനും മക്കള്‍ക്കും സംഭവിച്ച മാനഹാനിക്ക് ആര് മറുപടി പറയും? ഇവര്‍ കടന്നു പോയ പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം കാണും? ആരോ എഴുതി നല്‍കിയ കഥാപാത്രമായി പിണറായിയുടെ എക്‌സൈസ് കൃത്യമായി വേഷം കെട്ടിയാടി. ടെസ്‌റ്റിന്റെ റിസള്‍ട്ട് വന്ന് 12 ദിവസത്തിന് ശേഷമാണ് ഷീല സണ്ണിയില്‍ നിന്ന് പിടിച്ചെടുത്ത ലഹരിമരുന്നിന്റെ ഫലം നെഗറ്റീവ് ആണെന്നത് പോലും പുറത്തുവിടുന്നത്.
എത്രതന്നെ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുത്താലും ഇതൊന്നും കൃത്യസമയത്ത് പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ല. ഭക്ഷ്യബാധയ്‌ക്കെതിരെ പരിശോധന എന്ന പ്രഹസനം ഏതാനും ദിനസങ്ങളില്‍ മാത്രം നടത്തിയപ്പോള്‍ പോലും ആവശ്യമായ സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കാന്‍ സര്‍ക്കാരിന് ആയില്ല. മണിക്കൂറുകളില്‍ കൊവിഡ് വകഭേദങ്ങള്‍ രൂപപ്പെട്ട് തുടങ്ങിയപ്പോള്‍ കേരളത്തിന് ആന്‍റിജന്‍ ടെസ്‌റ്റ് കിറ്റ് മാത്രമെ ഉണ്ടായിരുന്നുള്ളു. ഇത് തന്നെയാണ് അപ്രായോഗികമായ എ ഐ ക്യാമറയിലുമുള്ളത്. ഇത്തരം പ്രതിസന്ധികള്‍ നിരവധി പേരെയാണ് വലയ്‌ക്കുന്നത്. അനാവശ്യ പ്രതിസന്ധികള്‍ സൃഷ്‌ടിച്ച് ഒരു പൗരന്റെ സമയം പാഴാക്കുന്നതിനും അഭിമാനത്തിന് ഭംഗം വരുത്തുന്നതിനുമെതിരെ സംസ്ഥാന സര്‍ക്കാരിനെതിരെയാണ് കേസെടുക്കേണ്ടത്.