മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ നാസിക്ക് അടക്കം പലയിടങ്ങളിലും ജലക്ഷാമം രൂക്ഷം. ഉൾഗ്രാമങ്ങളിൽ മൈലുകൾ താണ്ടിയാണ് സ്ത്രീകൾ തലച്ചുമടായി കുടിവെള്ളം ശേഖരിക്കുന്നത്. തെരഞ്ഞെടുപ്പുകൾ കഴിഞ്ഞിട്ടും ജൽ ജീവൻ മിഷന്റെ കീഴിലുള്ള പ്രവർത്തനങ്ങൾ പാതിവഴിയിലാണ്. സാധാരണ സ്ഥിതിയിൽ പോലും കുടിവെള്ള പ്രശ്‌നം നേരിടുന്ന ഉൾഗ്രാമങ്ങളിലാണ് ജനജീവിതം ദുസ്സഹമായിരിക്കുന്നത്. ഗ്രാമത്തിലെ കിണറുകൾ വറ്റിവരണ്ടുതോടെ മൈലുകൾ താണ്ടിയാണ് കുടിവെള്ളം ശേഖരിക്കുന്നത്. വെള്ളമെടുക്കാൻ നാട്ടുകാർക്ക് 2 മുതൽ 3 കിലോമീറ്റർ വരെ സഞ്ചരിക്കേണ്ടി വരുന്നതായാണ് റിപ്പോർട്ട്. നഗര മേഖലകളിൽ വസിക്കുന്നവർ 200 ലിറ്റർ ബാരൽ വെള്ളത്തിന് 60 രൂപ നിരക്കിൽ വെള്ളം വാങ്ങിയാണ് പരിഹാരം തേടുന്നത്. ജൽ ജീവൻ മിഷന്റെ കീഴിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പാതിവഴിയിലാണ്.
രാജ്യത്തെ എല്ലാ ഗ്രാമീണ വീടുകളിലും വ്യക്തിഗത ടാപ്പ് കണക്ഷനുകൾ വഴി വെള്ളം എത്തിക്കുന്നതിനുള്ള കേന്ദ്ര പദ്ധതിയാണ് ജൽ ജീവൻ മിഷൻ. എന്നാൽ മഹാരാഷ്ട്രയിലെ പല ഗ്രാമീണ മേഖലകളിലും ഇതാണ് അവസ്ഥ. നാസിക് ജില്ലയിലെ പെത്ത് താലൂക്കിലെ ബോറിച്ചി ബാരി ഗ്രാമത്തിലാണ് ജലക്ഷാമം രൂക്ഷമായിരിക്കുന്നത്. ഗ്രാമത്തിലെ മൂന്ന് കിണറുകളും വറ്റിവരണ്ടു. വളരെ താഴ്ചയുള്ള കിണറുകളിൽ നിന്നും പാറക്കെട്ടുകളിൽ നിന്നും സാഹസികമായി വെള്ളം ശേഖരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചുട്ടുപൊള്ളുന്ന വെയിലിൽ കിണറുകൾക്ക് ചുറ്റും തടിച്ചുകൂടി നിൽക്കുന്ന സ്ത്രീകളെ വീഡിയോയിൽ കാണാം. ജീവൻ പണയപ്പെടുത്തിയാണ് പലരും വെള്ളം ശേഖരിക്കാനായി പാറക്കെട്ടുകൾ കയറിയിറങ്ങുന്നത്.