ചെങ്ങന്നൂര്‍ : പാരമ്പര്യതനിമ ചോരാതെ നൂറ്റാണ്ടുകളുടെ സ്മരണയിൽ ചെങ്ങന്നൂര്‍ പഴയ സുറിയാനിപ്പള്ളിയില്‍ പെസഹാ വ്യാഴാഴ്ച അവല്‍ നേര്‍ച്ച നടക്കും. പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം വ്യാഴാഴ്ച രാവിലെ 10 ന് അവൽ ഭക്തർക്ക് വിളമ്പും. കാലങ്ങളായുള്ള ആചാരം വിടാതെ മുക്കത്ത് കുടുംബയോഗമാണ് നേര്‍ച്ച നടത്തുന്നത്. അവല്‍ നിര്‍മാണവും ഏറെ സവിശേഷതയുള്ളതാണ്. ഒറ്റത്തടിയില്‍ തീര്‍ത്ത എട്ടുനാക്കുള്ള ചിരവകൊണ്ടാണ് നേര്‍ച്ചയ്ക്കുള്ള അവലില്‍ ചേര്‍ക്കാന്‍ തേങ്ങ തിരുമ്മുന്നത്. 1500 നാളികേരം, 13 പാട്ട
ശര്‍ക്കര, ഏലയ്ക്ക, ചുക്ക്, ജീരകം തുടങ്ങിയവ ചേര്‍ത്ത് 350 കിലോ അവല്‍ തയ്യാറാക്കും. പെസഹ ശുശ്രൂഷ കഴിഞ്ഞിറങ്ങുന്നവര്‍ പ്രത്യേകം കൈയില്‍ കരുതുന്ന മേല്‍മുണ്ടില്‍ നേര്‍ച്ച സ്വീകരിക്കും.
മുക്കത്തു കുടുംബത്തിലെ പുരോഹിതര്‍, കുടുംബയോഗം പ്രസിഡൻ്റ് പുന്നൂസ് ജോർജ് മുത്തേടത്ത്, മറ്റ് കുടുംബയോഗ ഭാരവാഹികളുടെ നേതൃത്വത്തിലാണ് അവല്‍ വിതരണം ചെയ്യുന്നത്. മുക്കത്തു കുടുംബത്തിലെ അക്കാമ്മ എന്ന വയോധികയില്‍ നിന്നാണ് അവല്‍നേര്‍ച്ച തുടങ്ങിയിരുന്നത്. 400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെസഹ വ്യാഴാഴ്ച ദിവസം തനിക്ക് കഴിക്കാനുള്ള അവലുമായാണ് പള്ളിയില്‍ എത്തിയത്. ശുശ്രൂഷ കഴിഞ്ഞ് അവൽ സമീപം നിന്നിരുന്ന സഹ വിശ്വാസികൾക്കു പങ്കിട്ടുനല്‍കി. പിന്നീട് എല്ലാവര്‍ഷവും തുടര്‍ന്നു. അക്കാമ്മയുടെ കാലശേഷം കുടുംബത്തിലെ പിന്‍തലമുറക്കാര്‍ ഈ അവല്‍ വിതരണം നേര്‍ച്ചയായി തുടര്‍ന്നു കൊണ്ടു പോകുകയാണ്. 1901 ൽ മുക്കത്ത് കുടുംബയോഗ രൂപീകരണത്തെ തുടർന്ന് വിപുലമായ രീതിയിൽ പിൻതലമുറക്കാർ ഇത് പിൻതുടർന്നു.