പത്തനംതിട്ട: ജില്ലയിൽ സ്‌പീക്കറും മന്ത്രിയും പങ്കെടുത്ത പരിപാടിയിൽ അതിരുവിട്ടുവെന്ന് ആരോപിച്ച് അവതാരകനെ സിപിഎം ഏരിയാ സെക്രട്ടറി കൈയേറ്റം ചെയ്തുവെന്ന് ആക്ഷേപം. അവതാരകനായ അധ്യാപകന്റെ വാഗ്ധോരണി അൽപം കടന്നു പോയെന്ന് തോന്നിയതിനെ തുടർന്നായിരുന്നു മർദ്ദനം. പത്തനംതിട്ട നഗരചത്വരത്തിൻ്റെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു സംഭവം. പരിപാടി കഴിഞ്ഞ് മാധ്യമങ്ങളും വിശിഷ്ടാതിഥികളും പോയതിന് പിന്നാലെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ സ്ഥലത്ത് തടിച്ചു കൂടുകയും അവതാരകനെ തടഞ്ഞു വെയ്ക്കുകയുമായിരുന്നു. ഏരിയാ സെക്രട്ടറി എം.വി. സഞ്ചുവാണ് അവതാരകനെ കൈയേറ്റം ചെയ്തത് എന്ന് പറയുന്നു. സ്പീക്കർ എ.എൻ. ഷംസീറാണ് നഗര ചത്വരം നാടിന് സമർപ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്തത്. വിശിഷ്ടാതിഥിയായി ആരോഗ്യമന്ത്രി വീണാ ജോർജും അധ്യക്ഷനായി നഗരസഭ ചെയർമാൻ സക്കീർ ഹുസൈനുമുണ്ടായിരുന്നു.
ഉദ്ഘാടകനായ സ്പീക്കർ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ കൂടുതൽ സമയം ഇൻട്രോഡക്ഷൻ നൽകി ആരോഗ്യമന്ത്രിയെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചു എന്നീ കാരണങ്ങളാണ് അവതാരകനെ കൈയേറ്റം ചെയ്തത് എന്ന് പറയുന്നു. വിവരമറിഞ്ഞ് എത്തിയ നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ അവതാരകനെ കൂടുതൽ മർദ്ദനം ഏൽക്കാതെ രക്ഷപ്പെടുത്തി വിടുകയായിരുന്നു. ആരോഗ്യമന്ത്രി വീണാ ജോർജിനെ അധിക്ഷേപിച്ചുവെന്നതായിരുന്നു പ്രവർത്തകരുടെ ദേഷ്യത്തിന് കാരണമായത്. വലതുപക്ഷ അധ്യാപക സംഘടനയുടെ പ്രതിനിധിയാണ് മർദ്ദനമേറ്റ അധ്യാപകൻ. ഇദ്ദേഹം ഇതു വരെ പോലീസിൽ പരാതി നൽകിയിട്ടില്ല.