ഏനാത്ത് : അഞ്ച് ആഴ്ചകൂടി കഴിഞ്ഞാൽ മണ്ഡലക്കാലം തുടങ്ങും. എന്നാൽ ഏനാത്ത് ഇടത്താവളവും അതിനോടനുബന്ധിച്ചുള്ള ശൗചാലയവും ശോച്യാവസ്ഥയിൽതന്നെ. ഏനാത്ത് മഹാദേവർക്ഷേത്രത്തിന്റെ പരിസരത്താണ് ഇടത്താവളം നിർമിച്ചിട്ടുള്ളത്. എം.സി.റോഡിലെ പ്രധാന ഇടത്താവളങ്ങളിൽ ഒന്നാണ് ഏനാത്തേത്. ഇതുനന്നാക്കി വേണ്ടവിധം പരിപാലിക്കാൻ സമയമുണ്ടായിട്ടും നടപടി എടുത്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞവർഷവും ഇതേ സ്ഥിതിയായിരുന്നു. അയ്യപ്പൻമാർക്ക് വിരിവെയ്ക്കാനുള്ള സ്ഥലത്ത് നവീകരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 2011-ലാണ് ഇടത്താവളവും ശൗചാലയ കെട്ടിടവും നിർമിച്ചത്.
ശൗചാലയത്തിലേക്ക് പോകുന്ന ഭാഗം മുഴുവൻ കാടുകയറി പായലുംചെളിയും നിറഞ്ഞുകിടക്കുകയാണ്. അയ്യപ്പൻമാരുടെ ആവശ്യങ്ങൾ പരിഗണിച്ച് ചെയ്യേണ്ട പ്രവർത്തനങ്ങൾ ഒന്നും മണ്ഡലക്കാലത്ത് ഇവിടെ നടക്കാറില്ല. ജില്ലാ പഞ്ചായത്ത് ഈ ഇടത്താവളത്തിന് വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന ആക്ഷേപം ഭക്തർക്കിടയിലുണ്ട്. തമിഴ്നാട്-തിരുവനന്തപുരം ഭാഗത്തുനിന്നുവരുന്ന അയ്യപ്പൻമാർക്ക് കൊട്ടാരക്കര കഴിഞ്ഞാൽ പിന്നെ കൈപ്പട്ടൂർ-പത്തനംതിട്ട റോഡിലെ ഉഴുവത്ത്, ഓമല്ലൂർ ക്ഷേത്രങ്ങളിൽ മാത്രമാണ് ഇപ്പോൾ ഇടത്താവളമുള്ളത്. വർഷങ്ങളായി ഏനാത്ത് ഇടത്താവളത്തിനോട് അധികൃതർ അനാസ്ഥ കാട്ടുകയാണ്.