തിരുവനന്തപുരം : ഭരണഘടനാ ശില്‍പിയും ദലിത് അവകാശ പോരാട്ടങ്ങളുടെ നായകനുമായ ഡോ.ബി.ആര്‍ അംബേദ്ക്കറിനെ സവര്‍ണ വേഷത്തില്‍ അവതരിപ്പിച്ചുള്ള പുസ്തക കവര്‍ വിവാദമായി. ഉണ്ണി ആറിന്റെ ‘മലയാളി മെമ്മോറിയല്‍’ എന്ന പുസ്തകത്തിന് വേണ്ടി സൈനുല്‍ ആബിദ് ഒരുക്കിയ കവര്‍ ചിത്രമാണ് വിവാദമായത്. കസവ് കരയുള്ള മുണ്ടും മേല്‍ശീലയുമണിഞ്ഞ് ചാരുകസേരയിലിരിക്കുന്ന അംബേദ്കറിനെയാണ് മുഖചിത്രത്തില്‍ കാണിക്കുന്നത്. അംബേദ്കര്‍ നിലകൊണ്ട ആശയങ്ങള്‍ക്ക് വിപരീതമാണ് മുഖചിത്രമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
അംബേദ്കറിന് അടുത്തു തന്നെ ഒരു കിണ്ടിയും ചുവരില്‍ കോട്ടിട്ട ഗാന്ധിയുടെ ചിത്രവും ഉണ്ട്. പുസ്തകത്തിന്റെ മാര്‍ക്കറ്റിംഗിനായി മനപൂര്‍വം വിവാദം സൃഷ്ടിക്കാനാണ് ഇത്തരമൊരു കവര്‍ ഒരുക്കിയതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. സണ്ണി എം കപിക്കാട് ഉള്‍പ്പെടെയുള്ള ദലിത് ചിന്തകരും സാംസ്കാരിക പ്രവര്‍ത്തകരും കവറിനെ വിമര്‍ശിച്ച് രംഗത്തെത്തി. അംബേദ്കറുടെ സ്വത്വത്തിന് മേലുള്ള സവര്‍ണ്ണ അധിനിവേശം എന്നാണ് സണ്ണി എം കപിക്കാട് ഇതിനെ വിശേഷിപ്പിച്ചത്.
നായരെപ്പോലെ തോന്നിക്കുന്ന ഉയര്‍ന്ന ജാതി വസ്ത്രം ധരിച്ച അംബേദ്കറുടെ അത്തരമൊരു ചിത്രം ഒരിക്കലും അംബേദ്കറുടെ ജീവിതത്തിന്റെ ഭാഗമായിട്ടില്ല. ശരിക്കും ഇത് അദ്ദേഹത്തിന് അപമാനകരമാണ്. അംബേദ്കര്‍ തന്റെ ജീവിത കാലത്ത് എതിര്‍ക്കാന്‍ ശ്രമിച്ചതെല്ലാം ഇപ്പോള്‍ ബലമായി അടിച്ചേല്‍പ്പിക്കുകയാണ്. വിവാദമുണ്ടാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നതിനാല്‍ ഇതിനെ വലിയ വിവാദമാക്കിയെടുക്കുന്നില്ല. അംബേദ്കര്‍ ഇതിനെല്ലാം മുകളിലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കഥാപ്രമേയവുമായി ബന്ധപ്പെട്ട മുഖചിത്രമാണ് ഇതെന്നാണ് സൈനുല്‍ ആബിദ് ഒരു ടി.വി ചാനലിനോട് പ്രതികരിച്ചത്. മലയാളി മെമ്മോറിയല്‍ എന്ന കഥ വായിക്കാത്ത ഒരാളെ സംബന്ധിച്ചിടത്തോളം ഈ കവര്‍ അസ്വസ്ഥപ്പെടുത്തുന്ന ഒന്നാവാന്‍ സാധ്യതയുണ്ട്. ഈ കഥയിലെ സന്തോഷ് നായര്‍ തന്റെ ജാതിപ്പേരിനൊപ്പം യഥാര്‍ഥ പേര് നിലനിര്‍ത്താനും അംബേദ്ക്കര്‍ എന്ന വട്ടപ്പേര് ഒഴിവാക്കാനുമാണ് ശ്രമിക്കുന്നത്. ഒരേസമയം ഇരട്ടപ്പേരായി വീണ അംബേദ്ക്കര്‍ എന്ന വിളിയും അതേ സമയം ഉള്ളിലെ ജാതി ബോധവുമാണ് ഇങ്ങനെ ഒരു കവര്‍ ചിത്രീകരിക്കുവാന്‍ ഇടയാക്കിയത്. സന്തോഷിന്റെ ഫിസിക്കാലിറ്റിയിലെ അംബേദ്ക്കറും ഉള്ളിലെ ജാതി മേല്‍ക്കോയ്മാ ബോധവും തമ്മിലുള്ള വൈരുദ്ധ്യമാണ് ഈ കവര്‍ ചിത്രീകരിക്കുന്നതിലേക്ക് തന്നെ പ്രചോദിപ്പിച്ചത് എന്നും സൈനുല്‍ ആബിദ് പ്രതികരിച്ചു.