തിരുവനന്തപുരം: വിഴിഞ്ഞത്തിനടുത്ത കരുംകുളം പഞ്ചായത്തിൽ പുറമ്പോക്ക് ഭൂമിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ മണ്ണടിക്കുന്നതിനെ ചൊല്ലി നാട്ടുകാരുടെ ചേരി തിരിഞ്ഞുള്ള തര്‍ക്കം ക്രമസമാധാന പ്രശ്നമായി മാറിയിരിക്കുകയാണ്. വെള്ളക്കെട്ട് മൂലം സ്വൈര്യമായി ജീവിക്കാൻ കഴിയുന്നില്ലെന്ന് ഒരു വിഭാഗം പറയുമ്പോൾ മണ്ണടിക്കുന്നത് ഒരു ക്ലബിന് ഭൂമി കൈമാറാനുള്ള ഗൂഢാലോചനയെന്നാണ് മറുപക്ഷത്തിന്‍റ ആരോപണം. സമരം ചെയ്യുന്ന സ്ത്രീകളുടെ പുറത്തേക്ക് ടിപ്പർ ലോറിയിൽ നിന്ന് മണ്ണ് ഇറക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രശ്നം നാടിന് പുറത്തേക്കും കടന്നിരിക്കുകയാണ്.
കൊച്ചുതുറ സെന്‍റ് ആന്‍റണീസ് പള്ളിക്ക് തൊട്ടുപിറകിലായി കിടക്കുന്ന പുറമ്പോക്ക് ഭൂമിയിലാണ് സമരം ചെയ്യുന്ന സ്ത്രീകളുടെ പുറത്തേക്ക് ടിപ്പർ ലോറിയിൽ നിന്ന് മണ്ണ് ഇറക്കുന്ന സംഭവമടക്കം നടന്നത്. ഭൂമിയുടെ ഇരുവശവുമായി താമസിക്കുന്നത് രണ്ട് ഇടവകക്കാരാണ്. ഇവിടുത്തെ വെള്ളക്കെട്ട് മൂലം സ്വൈര്യമായി ജീവിക്കാൻ കഴിയുന്നില്ലെന്നും മണ്ണിട്ട് പൊക്കി വെള്ളം ഓടയിലേക്ക് ഒഴുക്കിക്കളയാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം നാട്ടുകാര്‍ കരുംകുളം പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ രംഗത്ത് വന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.