പത്തനംതിട്ട : മിന്നല്‍ പ്രളയത്തില്‍ 2021ല്‍ കോട്ടാങ്ങല്‍ പഞ്ചായത്തില്‍ വീടിന് നാശനഷ്ടം നേരിട്ടവര്‍ക്കുള്ള ധനസഹായ വിതരണ പ്രഖ്യാപനവും 44 ലക്ഷം രൂപ മുതല്‍ മുടക്കി കോട്ടാങ്ങല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിനായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനവും മാര്‍ച്ച് 21 ന് രാവിലെ പത്തിന് കുളത്തൂര്‍ ദേവി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വെച്ച് റവന്യു, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും.
ജീവനക്കാര്‍ക്കുള്ള പ്രശംസാപത്രവും വിതരണം ചെയ്യും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി ചടങ്ങില്‍ മുഖ്യഅതിഥി ആയിരിക്കും. പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. പത്തനംതിട്ട ജില്ല കളക്ടര്‍ ഡോക്ടര്‍ ദിവ്യ എസ് അയ്യര്‍, അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍, തഹസില്‍ദാര്‍ എം.ടി. ജെയിംസ് തുടങ്ങിയവര്‍ പങ്കെടുക്കും.
മിന്നല്‍ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ 419 വീടുകള്‍ക്ക് പ്രളയ ദുരിതാശ്വാസ ധനസഹായത്തിന് അര്‍ഹതയുള്ളതായി കണ്ടെത്തിയിരുന്നു. ഇതിനായി 1,91,53,200 രൂപ ധനസഹായമായി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഓരോ വ്യക്തികളുടെയും അക്കൗണ്ടുകളിലേക്ക് തുക നിക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാമത് നൂറു ദിന കര്‍മപദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.