പത്തനംതിട്ട : ഏഴംകുളം ഗ്രാമപഞ്ചായത്തിലെ കോഴിക്കൂട് വിതരണത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴംകുളം വില്ലേജിലെ 12 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് കൂട് വിതരണം ചെയ്തത്. 20 കോഴികുഞ്ഞുങ്ങളെയും ഒരു കൂടും അഞ്ച് കിലോ തീറ്റയും നല്‍കുന്നതിന്റെ പ്രാരംഭ നടപടിയായാണ് കോഴിക്കൂട് വിതരണം നടത്തിയത്. മുട്ട ഉല്‍പാദനത്തിലെ സ്വയം പര്യാപ്തതയാണ് പദ്ധതി ലക്ഷ്യമാക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. അടൂരില്‍ കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കിവരുന്ന നിറപൊലിവ് വിഷന്‍ 26 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിതരണം. ദേശീയ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെയും ഹൈദരാബാദ് കേന്ദ്രമാക്കിയ പൗള്‍ട്രി ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
പോഷക സമ്പുഷ്ടമായ ജന്തുജന്യ മാംസം ലഭിക്കാനുള്ള എളുപ്പവഴിയാണ് അടുക്കളപ്പുറത്തെ കോഴിവളര്‍ത്തല്‍. കുറഞ്ഞ മുതല്‍ മുടക്കിലും സംരക്ഷണച്ചെലവിലും പ്രായഭേദമന്യേ ആര്‍ക്കും ചെയ്യാന്‍ പറ്റുന്ന സംരംഭമാണിത്. ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശാ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ജെ ഹരികുമാര്‍ പദ്ധതി വിശദീകരണം നടത്തി. ദേശീയ അഗ്രികള്‍ച്ചര്‍ ഗവേഷണ കേന്ദ്രത്തിന്റെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എ കണ്ണന്‍, സീനിയര്‍ സയന്റിസ്റ്റ് എസ് ഷണ്മുഖന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാധാമണി ഹരികുമാര്‍, വി ആര്‍ ബേബിലീന , ബാബു ജോണ്‍, രജിത ജെയ്സണ്‍, ശാന്തി കുട്ടന്‍, വി സുരേഷ് , ബീന ജോര്‍ജ്, ആര്‍ ശോഭ, ലിജി ഷാജി, ഇ എ ലത്തീഫ്, ഷീജ, വെറ്റിറനറി സര്‍ജന്‍ ഡോ നീലിമ എസ് രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.