കോന്നി: തൊഴില്‍ രംഗത്തും മറ്റും സുപ്രധാന മേഖലകളിലും കോന്നിയിലെ കുട്ടികളെ ലോകത്തിന്റെ നെറുകയിലെത്തിക്കാന്‍ കഴിയുന്ന സുപ്രധാനമായ ചുവടുവയ്പ്പാണ് കൗശല്‍ കേന്ദ്രത്തിന്റെ നിര്‍മാണത്തിലൂടെ യാഥാര്‍ഥ്യമാകുന്നതെന്ന് അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴില്‍ കോന്നി എലിയറക്കലില്‍ ആരംഭിക്കുന്ന കൗശല്‍ കേന്ദ്രത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. സംസ്ഥാനത്തെ അഞ്ചാമത്തെ കൗശല്‍ കേന്ദ്രമാണ് കോന്നിയില്‍ ഒരുങ്ങുന്നത്. ലോകപ്രശസ്ത സര്‍വകലാശാലകളിലെ പാഠ്യപദ്ധതികള്‍ കോര്‍ത്തിണക്കികൊണ്ടുള്ള നാല് കോഴ്‌സുകളാണ് ആരംഭഘട്ടത്തില്‍ കേന്ദ്രത്തില്‍ നല്‍കുന്നത്. വിദ്യാഭ്യാസ രംഗത്ത് ഒരു എഡ്യൂക്കേഷന്‍ ഹബ് ആയി കോന്നിയെ മാറ്റുന്നതിന് ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കൗശല്‍ കേന്ദ്രത്തിന്റെ വരവ് ഏറെ ഗുണകരമാകും. രണ്ട് മാസത്തിനുള്ളില്‍, ത്വരിതഗതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഉദ്യോഗാര്‍ഥികള്‍ക്കായി കേന്ദ്രം തുറന്നു കൊടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും എംഎല്‍എ പറഞ്ഞു.
കോന്നിയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ മാറ്റത്തിന് തുടക്കം കുറിക്കുന്ന സംരംഭമാണ് കൗശല്‍ കേന്ദ്രത്തിന്റെ നിര്‍മാണം എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടറും ജില്ലാ സ്‌കില്‍ കമ്മിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ.എസ്.അയ്യര്‍ പറഞ്ഞു. വിദ്യാര്‍ഥികളും ഉദ്യോഗാര്‍ഥികളും ആര്‍ജിക്കുന്ന അറിവും നൈപുണ്യവും ഏതു വിധത്തിലാണ് ലോകത്തിന് സംഭാവന ചെയ്യുന്നത് എന്നതിലാണ് പദ്ധതിയുടെ വിജയം. ജീവിതത്തിന്റെ ഓരോ കര്‍മമേഖലയിലും സ്വായത്തമാക്കേണ്ട കഴിവുകള്‍ നേടിയെടുക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇവിടെ ഒരുങ്ങുന്നതെന്നും കളക്ടര്‍ പറഞ്ഞു. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടി. വി വിനോദ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസീമണിയമ്മ, കേസ് മാനേജര്‍ ഓപ്പറേഷന്‍സ് സുബിന്‍ ദാസ്, സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.