പന്തളം : കുളനട വില്ലേജ് ഓഫീസിനെ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ സ്മാർട്ട് വില്ലേജ് ഓഫീസാക്കി മാറ്റുന്നതിന്റെ ഭാഗമായി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11.30ന് മന്ത്രി അഡ്വ.കെ.രാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ് ആദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസി.രാജി പി.രാജൻ, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി.ചന്ദ്രൻ, മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, ജില്ലാപഞ്ചായത്ത് മെമ്പർ ആർ.അജയകുമാർ, അടൂർ ആർ.ഡി ഒ. ജയമോഹൻ വി.എന്നിവർ പ്രസംഗിക്കും.
സ്മാർട്ട് വില്ലേജിന്റെ ഭാഗമായി ഫ്രണ്ട് ഓഫീസ്, വില്ലേജ് ഓഫീസർക്കും ജീവനക്കാർക്കും പ്രത്യേകം ക്യാബിനുകൾ, സന്ദർശകർക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങൾ, സാധാരണ ശുചിമുറികൾക്ക് പുറമെ ഭിന്നശേഷിക്കാർക്ക് പ്രത്യേകം ശുചി മുറികളും റാമ്പ് സൗകര്യങ്ങളും സന്ദർശകർക്ക് സേവനങ്ങൾ ലഭ്യമാക്കുന്നതിന് പ്രത്യേകം കൗണ്ടറുകൾ, സെർവർ റൂം, റെക്കാഡ് റൂം തുടങ്ങിയ എല്ലാ വിധ ആധുനിക സൗകര്യങ്ങളോടു കൂടിയാണ് പുതിയ വില്ലേജ് ഓഫീസ് സജ്ജമായിട്ടുള്ളത്. റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി റവന്യു വകുപ്പിൽ നിന്നാണ് ഭരണാനുമതി ലഭിച്ചത്. സംസ്ഥാനത്ത് ഓരോ വില്ലേജ് ഓഫീസിനെയും സ്മാർട്ട് വില്ലേജ് ഓഫീസാക്കി മാറ്റുന്നതിന് 44ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. കേരള സംസ്ഥാന നിർമ്മിതി കേന്ദ്രത്തിനാണ് പദ്ധതിയുടെ നിർവ്വഹണ ചുമതല. കുളനട പഞ്ചായത്തും മെഴുവേലി ഗ്രാമ പഞ്ചായത്തിലെ 1,2,3,12,13 വാർഡുകളും ഉൾപ്പെടുന്നതാണ് കുളനട വില്ലേജ് ഓഫീസ്.