കോന്നി : കോന്നി മെഡിക്കൽ കോളേജിൽ നിർമ്മാണം പൂർത്തീകരിച്ച മോർച്ചറി ബ്ലോക്കിന്റെ ഉദ്ഘാടനം ഫെബ്രുവരി ഒന്നിന് ആരോഗ്യ – വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ. എ.ഡി.എം ബി. ജ്യോതിയുടെ അധ്യക്ഷതയിൽ മെഡിക്കൽ കോളേജിൽ ചേർന്ന എച്ച്ഡിഎസ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സംസാരിക്കുകയായിരുന്നു എം എൽ എ. ആശുപത്രിയുടെ പ്രവർത്തനവും കിഫ്‌ബി നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതിയും യോഗത്തിൽ ചർച്ച ചെയ്തു. പുതിയതായി ആരംഭിക്കുന്ന മോർച്ചറി ബ്ലോക്കിൽ മജിസ്റ്റരീയൽ, പോലീസ് ഇൻക്വിസ്റ് റൂമുകൾ, 10 കോൾഡ് ചേമ്പർ, 4 ഓട്ടോപ്സി ടേബിൾ, മെഡിക്കൽ ഓഫീസർ റൂം, സ്റ്റാഫ് റൂമുകൾ, റിസപ്ഷൻ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. മൃതദേഹം സൂക്ഷിക്കുന്നതിനുള്ള 10 കോൾഡ് ചെമ്പറുകളിൽ 6 ചെമ്പറുകൾ നിലവിൽ സ്ഥാപിച്ചിട്ടുണ്ട്.
പോസ്റ്റുമോർട്ടം ടേബിളുകളിൽ ഒരെണ്ണമാണ് നിലവിൽ സ്ഥാപിച്ചിരിക്കുന്നത്. 1.49 കോടി രൂപ കെട്ടിട നിർമ്മാണത്തിനും 60 ലക്ഷം രൂപ ഉപകരണങ്ങൾക്കുമായി ആകെ 2.09 കോടി രൂപയാണ് മോർച്ചറി നിർമ്മാണത്തിനായി ചിലവായിരിക്കുന്നത്. മെഡിക്കൽ കോളേജ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, എ ഡി എം ബി.ജ്യോതി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ആർ എസ് നിഷ, ആശുപത്രി സൂപ്രണ്ട് ഡോ.ഷാജി എ, ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രതിനിധി പി.ജെ അജയകുമാർ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ജാസ്മിൻ, എച്ച്എല്‍എല്‍ പ്രൊജക്റ്റ് എൻജിനീയർ രോഹിത്, നേഴ്സിങ് സൂപ്രണ്ട് തുടങ്ങിയവർ പങ്കെടുത്തു.