റാന്നി: സ്വപ്നസാഫല്യമായി അട്ടത്തോട് ട്രൈബൽ എൽ പി സ്കൂൾ. നിർമ്മാണം പൂർത്തിയാക്കിയ അട്ടത്തോട് ഗവ ട്രൈബൽ എൽ പി സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. വനാന്തർഭാഗത്ത് താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് വേണ്ടി 3 കോടി രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഭരണാനുമതി ലഭിച്ചത്. കെട്ടിടത്തിൻ്റെ നിർമ്മാണത്തിനായി സ്ഥലം വിട്ടുകിട്ടുന്നതിന് വനംവകുപ്പിന്റെ അനുമതി ലഭിക്കാൻ വൈകിയതിനെ തുടർന്നാണ് നിർമ്മാണത്തിൽ കാലതാമസം നേരിട്ടത്. എംഎൽഎയുടെ അഭ്യർത്ഥനയെ തുടർന്ന് മന്ത്രി നേരിട്ട് ഇടപെട്ടാണ് സ്ഥലം ലഭ്യത ഉറപ്പാക്കിയത്.
1 ഏക്കർ 13 സെൻറ് സ്ഥലമാണ് ഇതിനായി വനം വകുപ്പ് വിട്ടുനൽകിയത്. തുടർന്നാണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്. ശബരിമല വനത്തിനുള്ളിൽ പമ്പ മുതൽ ചാലക്കയം വരെയുള്ള ഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ യാതൊരു മാർഗവും ഇല്ലായിരുന്നു. ഇവിടെ താമസിക്കുന്ന ആദിവാസി കുട്ടികളിൽ വിദ്യാഭ്യാസം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അട്ടത്തോട് ട്രൈബൽ എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. വന മേഖലയുടെ പല ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് കുട്ടികളെ എത്തിക്കുന്നതിനായി പെരിയാർ ടൈഗർ റിസർവ് ഗോത്ര സാരഥി പദ്ധതി പ്രകാരം ബസും വിട്ടു നൽകിയിട്ടുണ്ട്. അസൗകര്യങ്ങൾ മാത്രമുള്ള താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ കുട്ടികൾക്ക് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാകും.