പത്തനംതിട്ട : നീറ്റ് പരീക്ഷയുടെ വ്യാജ ഹാള്‍ ടിക്കറ്റ് ഉണ്ടാക്കിയ സംഭവത്തില്‍ പിടിയിലായ അക്ഷയ സെന്റര്‍ ജീവനക്കാരി ഗ്രീഷ്മയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പണം വാങ്ങിയിട്ടും അപേക്ഷ നല്‍കാന്‍ മറന്നിരുന്നു. തുടര്‍ച്ചയായി ഹാള്‍ ടിക്കറ്റ് ആവശ്യപ്പെട്ടതോടെ വ്യാജമായി നിര്‍മ്മിക്കുകയായിരുന്നുവെന്നാണ് ഗ്രീഷ്മ മൊഴി നല്‍കിയത്. പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥി പത്തനംതിട്ടയില്‍ പോകുമെന്ന് കരുതിയിരുന്നില്ലെന്നും യുവതി പറയുന്നു. 1850 രൂപയാണ് വിദ്യാര്‍ത്ഥിയുടെ അമ്മയില്‍ നിന്ന് കൈപ്പറ്റിയത്. എന്നാല്‍ അപേക്ഷ നല്‍കാന്‍ മറന്നു. വിദ്യാര്‍ത്ഥി നിരന്തരം ഹാള്‍ ടിക്കറ്റ് ആവശ്യപ്പെട്ടതോടെ വ്യാജ ഹാള്‍ ടിക്കറ്റ് ഉണ്ടാക്കുകയായിരുന്നു. ഗൂഗിളില്‍ തിരഞ്ഞാണ് പത്തനംതിട്ടയിലെ പരീക്ഷാകേന്ദ്രം കണ്ടെത്തിയതെന്നും അക്ഷയ സെന്റര്‍ ജീവനക്കാരി പറഞ്ഞു.
പത്തനംതിട്ടയിലെ തൈക്കാവ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആയിരുന്നു പരീക്ഷാകേന്ദ്രം. തനിക്ക് ഹാള്‍ ടിക്കറ്റ് എടുത്ത് നല്‍കിയത് അക്ഷയ സെന്റര്‍ ജീവനക്കാരിയാണെന്ന് വിദ്യാര്‍ത്ഥി മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് പത്തനംതിട്ട പോലീസ് നെയ്യാറ്റിന്‍കരയില്‍ എത്തി ഗ്രീഷ്മയെ ചോദ്യം ചെയ്തത്. ഇതോടെ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തിരുപുറം സ്വദേശിയാണ് ഗ്രീഷ്മ. നെയ്യാറ്റിന്‍കരയിലെ അക്ഷയ കേന്ദ്രത്തിലാണ് വ്യാജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കിയത്. വിദ്യാര്‍ത്ഥിയുടെ അമ്മയാണ് നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ അക്ഷയ സെന്ററില്‍ എത്തിയത്.