ഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയെന്ന വിവരത്തിൽ സുപ്രീം കോടതിയുടെ തുടർനടപടി ഇന്ന് തീരുമാനിച്ചേക്കും. ജഡ്ജിക്കെതിരെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി തീരുമാനിക്കുക. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ഇന്നലെ തന്നെ റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരുന്നത്. അഗ്നിരക്ഷാസേന പണം കണ്ടെത്തിയിട്ടില്ലെന്ന് സേന ഡൽഹി മേധാവി പറഞ്ഞതായി വാർത്ത ഏജൻസി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ ദുരൂഹത വർധിച്ചു. ഡൽഹി പോലീസാണ് ഇനി വ്യക്തത വരുത്തേണ്ടത്. അന്തിമതീരുമാനം എടുക്കേണ്ടത് സുപ്രീം കോടതി കൊളീജിയമാണ്.
വീട്ടിൽ നിന്നും വൻതുക കണ്ടെത്തിയതോടെ ജഡ്ജിയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇക്കഴിഞ്ഞ 14 ന് ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിലുണ്ടായ തീപിടുത്തമാണ് നോട്ട്ശേഖരം കണ്ടെത്തുന്നതിലേക്ക് കാരണമായത്. തീഅണച്ചശേഷം നടത്തിയ പരിശോധനയിൽ വൻതോതിൽ നോട്ട്കെട്ട് കണ്ടെത്തിയ അഗ്നിശമന സേന പോലീസിൽ വിവരമറിയിച്ചു. വിഷയം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ മുന്നിൽ എത്തിയതോടെ അടിയന്തിരമായി കൊളീജിയം ചേർന്ന് നടപടി തുടങ്ങി. ഒരു സുപ്രീംകോടതി ജഡ്ജിയും രണ്ട് ഹൈകോടതി ജഡ്ജിമാരും ഉൾപ്പെടുന്ന സമിതിയാണ് അന്വേഷണം നടത്തേണ്ടത്. ഈ സമിതിയെ തീരുമാനിച്ചില്ല. നീതിന്യായവ്യവസ്ഥയുടെ അന്തസ് ഇടിച്ചുതാഴ്ത്തുന്ന സംഭവമാണെന്ന് മുതിർന്ന അഭിഭാഷകനായ അതുൽ ഭരദ്വാജ് ഡൽഹി ഹൈകോടതിയിൽ പറഞ്ഞു. സംഭവം ഞെട്ടിച്ചെന്നായിരുന്നു ജഡ്ജിമാരുടെ പ്രതികരണം. വിഷയം രാജ്യസഭയിൽ ജയ്റാം രമേശ് ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.