തിരുവനന്തപുരം : സര്‍ജിക്കല്‍ മോപ് ഗർഭപാത്രത്തിനുള്ളിൽ വെച്ചു തുന്നിയ സംഭവത്തിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ സുജ അഗസ്‌റ്റിന് 3 ലക്ഷം രൂപ പിഴ. ഇതിനു പുറമേ 10,000 രൂപ ചികിത്സാ ചെലവും 5,000 രൂപ കോടതിച്ചെലവും നൽകണമെന്നു സ്ഥിരം ലോക് അദാലത്ത് വിധിച്ചു. 2022 ജൂലൈ 2ന് ആണ് അമര വിള പ്ലാവിള ജിജെ കോട്ടേജിൽ ജീത്തു (24) സിസേറിയന് വിധേയയായത്. ഒരു മാസത്തിനകം നീരും പഴുപ്പും കെട്ടിയതിനെ തുടർന്ന് ജീത്തു ഡോ.സുജയെ വീട്ടിൽ പോയി കണ്ടു. ഗുരുതരമായി ഒന്നുമില്ലെന്നു പറഞ്ഞ് ഡോക്ടർ മരുന്നു നൽകി മടക്കി അയച്ചു.
മൂന്നു തവണയാണ് ജീത്തു ഡോക്ടറെ വീട്ടിൽ പോയി കണ്ടത്. വേദന രൂക്ഷമായതോടെ 2023 മാർച്ച് 3ന് എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിസേറിയൻ വേളയിൽ രക്തവും മറ്റും വലിച്ചെടുക്കാൻ ഉപയോഗിക്കുന്ന സർജിക്കൽ മോപ് ഗർഭപാത്രത്തിനുള്ളിൽ ഉണ്ടെന്ന് അപ്പോഴാണു കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയയിലൂടെ മോപ് പുറത്തെടുത്തു. തന്റെ ഭാഗത്തു വീഴ്ച് ഇല്ലെന്നും സ്റ്റാഫ് നഴ്‌സാണ് ഉത്തര വാദിയെന്നും ഡോ.സുജ വാദിച്ചു. എന്നാൽ സിസേറിയൻ കഴിയു മ്പോൾ അതിനുവേണ്ടി ഉപയോഗിച്ച സാധനങ്ങളുടെ പട്ടിക പരിശോധിച്ച് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം ഡോക്ടർക്കാ ണെന്ന് ലോക് അദാലത്ത് ചെയർമാൻ പി.ശശിധരൻ, അംഗങ്ങളായ വി.എൻ.രാധാകൃഷ്ണൻ, ഡോ.മുഹമ്മദ് ഷെറീഫ് എന്നിവർ വ്യക്തമാക്കി.