കൊല്ലം : കുണ്ടറയില്‍ റെയില്‍വേ ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടു വച്ച സംഭവത്തില്‍ പിടിയിലായ രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കൃത്യം നടത്തിയത് ആളുകളുടെ ജീവഹാനി വരുത്തുക എന്ന ഉദ്ദേശത്തോടുകൂടി തന്നെയെന്ന് എഫ്ഐആര്‍. പ്രതികളുമായി അന്വേഷണ സംഘം റെയില്‍വേ ട്രാക്കില്‍ എത്തി തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ എന്‍ഐഎ സംഘവും പ്രതികളെ ചോദ്യം ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് കൊല്ലം കുണ്ടറ ആറുമുറിക്കടക്ക് സമീപത്തുള്ള റെയില്‍വേ ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടിട്ടത്. പുലര്‍ച്ചെ 1.30 ന് കൊണ്ടിട്ട പോസ്റ്റ് സമീപവാസികളും പോലീസും എടുത്തു മാറ്റിയ ശേഷം മൂന്ന് മണിയോടെ വീണ്ടും ട്രാക്കില്‍ കൊണ്ടിട്ടു. ഇതോടെയാണ് ട്രെയിന്‍ അട്ടിമറി ശ്രമമാണോ എന്ന സംശയം പോലീസിന് ഉണ്ടായത്. പാലരുവി എക്സ്പ്രസ്സ് കടന്നു പോകുന്നതിന് തൊട്ടുമുന്‍പാണ് ട്രാക്കില്‍ പോസ്റ്റ് കണ്ടതും എടുത്തു മാറ്റിയതും.
കേസില്‍ ഇന്നലെ തന്നെ പോലീസ് പിടികൂടിയ കുണ്ടറ സ്വദേശിയായ അരുണിനെയും പെരുമ്പുഴ സ്വദേശിയായ രാജേഷിനെയും ഇന്നലെ രാത്രിയോടെ കൊച്ചിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘം ചോദ്യം ചെയ്തു. പ്രതികളെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. മദ്യലഹരിയില്‍ ആയിരുന്നു എന്ന് മൊഴി നല്‍കിയെങ്കിലും ആളുകള്‍ക്ക് ജീവഹാനി വരുത്തുന്നതിനുള്ള ഇടപെടല്‍ തന്നെയാണ് പ്രതികള്‍ നടത്തിയത് എന്നാണ് എഫ്ഐആറില്‍ പറയുന്നത്. സമീപവാസി കണ്ടില്ലായിരുന്നുവെങ്കില്‍ വലിയ അട്ടിമറി ഉണ്ടാകുമായിരുന്നു എന്നും എഫ്ഐആറില്‍ സൂചന നല്‍കുന്നുണ്ട്. ആര്‍പിഎഫിന്റെ ക്രൈംബ്രാഞ്ച് സംഘവും കേസില്‍ സമാന്തര അന്വേഷണം നടത്തുന്നുണ്ട്. കാസ്റ്റ് അയണ്‍ വേര്‍പ്പെടുത്തി വില്‍ക്കാന്‍ വേണ്ടിയാണ് പോസ്റ്റ് റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.