ചെന്നൈ : ആദായ നികുതി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആവിശ്യപ്പെട്ട് നടൻ വിജയ്ക്ക് നോട്ടീസ് . മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിട്ടുള്ളത്. സ്വത്ത് വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് വിജയ്ക്ക് നോട്ടീസ് കിട്ടിയത്.
‘മാസ്‌റ്റേഴ്‌സ്’ എന്ന സിനിമയുടെ സെറ്റിൽ നിന്നാണ് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടനെ കസ്റ്റഡിയിലെടുത്ത് സ്വത്ത് വിവരങ്ങൾ പരിശോധിച്ചത്. പരിശോധന മുപ്പത് മണിക്കൂറോളം നീണ്ടു നിന്നു. നടൻ വിജയ്‍യുടെ വീട്ടിൽ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു അതിന് ശേഷം ആദായനികുതി വകുപ്പ് ഇറക്കിയ വാർത്താക്കുറിപ്പ്.
അതേസമയം ‘ബിഗിൽ’ എന്ന സിനിമയുടെ നിർമാതാക്കളിലൊരാളായ എജിഎസ് ഗ്രൂപ്പിന്റെ ഉടമ അൻപുച്ചെഴിയന്റെ മധുരൈയിലെയും ചെന്നൈയിലെയും വീട്ടിൽ നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയെന്നും ആദായനികുതി വകുപ്പ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 38 ഇടങ്ങളിലാണ് റെയ്‍ഡ് നടന്നതെന്നും ആദായനികുതി വകുപ്പിന്റെ വിശദീകരണം വന്നിരുന്നു.