റാന്നി: അവധിക്കാലം ചെലവഴിക്കാൻ മണിയാര്‍ ഡാമില്‍ എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് അസൗകര്യങ്ങളും ദുരിതങ്ങളും. വിവിധ സ്ഥലങ്ങളിൽ നിന്നായി സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറുകണക്കിന് ആളുകളാണ് മണിയാർ ഡാമും പരിസരവും കാണാനായി ദിവസേന എത്തുന്നത്. എന്നാൽ ഡാമിന്റെ വ്യൂ പോയിന്റിലേക്ക് എത്താനുള്ള പാതപോലും കാടുമൂടിയ നിലയിലാണ്. ടൂറിസം സാദ്ധ്യതകളെ ഇല്ലാതാക്കി അവഗണന തുടരുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മണിയാർ ടൂറിസം പദ്ധതിയുടെ വികസനം എന്ന് യാഥാർത്ഥ്യമാവുമെന്ന കാര്യത്തിൽ അധികൃതർക്ക് ഇന്നും വ്യക്തമായ ഉത്തരമില്ല. വിനോദത്തിന് എത്തുന്നവർ നിരാശയോടെ മടങ്ങുന്ന കാഴ്ചയാണുള്ളത്. പത്തുവർഷം മുമ്പ് സഞ്ചാരികൾക്ക് വിശ്രമിക്കാൻ തയ്യാറാക്കിയ മേൽക്കൂരയോടുകൂടിയ ഇരിപ്പിടങ്ങൾ പൂർണമായും നശിച്ചു. കാടുമൂടി കന്നുകാലികളും മറ്റും കയറി വൃത്തി ഹീനമായി കിടക്കുകയാണ്.
വാഹനം പാർക്ക് ചെയ്ത ശേഷം ഡാമിന്റെ അടുത്തെത്താനുള്ള വഴി കാണിക്കുന്ന ദിശാബോർഡുകളോ സൂചകങ്ങളോ ഇല്ലാത്തതും ആളുകളെ വലയ്ക്കുന്നു. ഗവിയിലും പെരുന്തേനരുവിയിലും എത്തുന്ന സഞ്ചാരികളെ ആകർഷിച്ച് മണിയാറിൽ എത്തിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഡാമിലെ കാഴ്ചകളും മലയോരത്തിന്റെ സൗന്ദര്യവും പകർന്നുനൽകിയുള്ള സഞ്ചാരപഥം ഇതിനായി ഒരുക്കിയിരുന്നു. മണിയാർ അണക്കെട്ടും പമ്പാജലസേചന പദ്ധതിയുടെ കൈവശമുള്ള 30 ഏക്കറും പ്രയോജനപ്പെടുത്തിയുള്ള ടൂറിസം വികസന പദ്ധതിയാണ് ആസൂത്രണം ചെയ്തത്. അഞ്ചുകോടിയുടെ പദ്ധതിക്ക് രൂപരേഖ തയാറാക്കിയിരുന്നു. ടൂറിസം പദ്ധതിക്ക് നേരത്തെ ഭരണാനുമതി ലഭിച്ചിരുന്നു. പദ്ധതി പ്രദേശം ഇറിഗേഷൻ വകുപ്പിന്റെ അധീനതയിലായതിനാൽ പ്രവർത്തി നടപ്പാക്കാൻ പ്രത്യേക അനുമതി വേണം. അനുമതി വൈകുന്നത് കാലതാമസത്തിന് കാരണമായതായി നാട്ടുകാര്‍ പറയുന്നു.