തിരുവനന്തപുരം: വിലക്കയറ്റവുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെ നിയമസഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനിലിനെതിരെ എം വിന്‍സെന്‍റ് എം.എല്‍.എ സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ 13 നിത്യോപയോഗ സാധനങ്ങള്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് തെറ്റാണെന്നും സഭ പിരിഞ്ഞതിനുശേഷം പ്രതിപക്ഷ നേതാവിനോടൊപ്പം ഔട്ട്‌ലെറ്റുകള്‍ സന്ദര്‍ശിക്കുവാന്‍ തയ്യാറാണെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, അന്ന് തന്നെ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ നേരിട്ട് സന്ദര്‍ശിച്ച ദൃശ്യമാധ്യമങ്ങള്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ 13 നിത്യോപയോഗ സാധനങ്ങളില്‍ പലതും നിലവില്‍ ലഭ്യമല്ലെന്ന വസ്തുത ദൃശ്യങ്ങള്‍ സഹിതം വാര്‍ത്തയായി സംപ്രേഷണം ചെയ്തു. പത്രമാധ്യമങ്ങളും ഇക്കാര്യം വ്യക്തമാക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മന്ത്രി തന്നെ അവശ്യസാധനങ്ങള്‍ മുഴുവന്‍ ലഭ്യമല്ലെന്നും ഉടന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത സംബന്ധിച്ച് മന്ത്രി സഭയില്‍ നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന കാര്യം ബോധ്യപ്പെടുന്നതാണെന്ന് എം വിന്‍സെന്‍റ് സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.