തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച1എന്‍1 കേസുകളിൽ വർധന. ഇന്നലെ മാത്രം 6 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് പുതിയ എച്ച്1എന്‍1 കേസുകൾ സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ മാത്രം 2 കേസുകളുണ്ട്. ഇതു കൂടാതെ മലപ്പുറത്ത് 3 കോളറ കേസുകൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സ്ഥിരീകരിച്ച 10 ഡെങ്കിപ്പനി കേസുകളിൽ 4 എണ്ണം എറണാകുളത്ത് നിന്നാണ്. സംസ്ഥാനത്ത് ഇന്നലെ 8487 പേരാണ് പനിക്കായി ചികിത്സ നേടിയത്. 108 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, എച്ച്3 എൻ2 വൈറസിന്‍റെ വ്യാപനത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന യോഗം സ്ഥിതി വിലയിരുത്തി. സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കാനും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാനും കേന്ദ്രം നിർദേശിച്ചു. ഈ മാസം അവസാനത്തോടെ രോഗബാധ കുറയുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. ഇത് വായുവിലൂടെ പടരുന്ന അസുഖമായതിനാൽ കൊവിഡ് കാലത്ത് എടുത്ത സമാനപ്രതിരോധ മാർഗങ്ങൾ തുടരാനും കേന്ദ്രം അറിയിച്ചു.