ഹൈദരാബാദ് : അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരം തടസ്സപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളുടെ പിന്തുണയുള്ള രണ്ട് പേരെ അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന്റെ സൈബർ സെൽ അറസ്‌റ്റ് ചെയ്‌തു. സിം ബോക്‌സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മത്സരത്തിനിടെ ഭീഷണിപ്പെടുത്തിയതിന് പ്രതികളെ യഥാക്രമം സത്‌ന, രേവ ജില്ലകളിൽ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും ക്രിക്കറ്റ് മത്സരത്തിനായി അഹമ്മദാബാദിൽ എത്തിയപ്പോഴായിരുന്നു ഭീഷണി. വിവരം ലഭിച്ചയുടൻ അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയും പ്രതികളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുകയും ചെയ്‌തിരുന്നു.
പ്രതികൾ നൂതനമായ സിം ബോക്‌സ് സാങ്കേതികവിദ്യയാണ് ഭീഷണി സന്ദേശത്തിനായി ഉപയോഗിച്ചിരുന്നത്, ഇത് ട്രാക്ക് ചെയ്യാൻ പ്രയാസമാണെന്ന് പോലീസ് പറഞ്ഞു. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, പഞ്ചാബ് എന്നിവിടങ്ങളിലായാണ് പ്രതികളുടെ സ്ഥലങ്ങൾ കണ്ടെത്തിയത്. പാക്കിസ്ഥാനിൽ സജീവമായ വ്യാജ ട്വിറ്റർ ഹാൻഡിലുകളിൽ നിന്നും ഭീഷണികൾ വന്നതായി പോലീസ് പറഞ്ഞു.മാർച്ച് 9 വ്യാഴാഴ്‌ച അഹമ്മദാബാദിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ അവസാന ടെസ്‌റ്റിന്റെ ഉദ്ഘാടന ദിനത്തിൽ പ്രധാനമന്ത്രി മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും സ്‌റ്റേഡിയത്തിൽ എത്തിയിരുന്നു.