ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ പൂർണ്ണമായും ഇലക്ട്രിക്കിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ് ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ മെർസിഡീസ് ബെൻസ്. കമ്പനിയുടെ അതിവേഗം വളരുന്ന വിപണികളിലൊന്നാണ് ഇന്ത്യ. അതിനാൽ തന്നെ തങ്ങളുടെ ഇക്യു നിരയിലെ മോഡലുകളെ വരി വരിയായി കമ്പനി ഇന്ത്യയിൽ എത്തിക്കുകയാണ്. കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ മുൻനിര ഇക്യുഎസ് സെഡാനും അതുപോലെ തന്നെ പ്രായോഗികമായ ഇക്യുബി ഏഴ് സീറ്റർ എസ്‌യുവിയും നിർമ്മാതാക്കൾ അവതരിപ്പിച്ചു. അതിനു പിന്നാലെ ഇക്യു മോഡൽ നിരയിൽ നിന്ന് ഇന്ത്യൻ നിരത്തുകളിലേക്ക് എത്തുന്ന ഏറ്റവും പുതിയ മോഡൽ ഇക്യുഇ എസ്‌യുവിയാണ്.
ഇന്ത്യൻ വിപണിയ്‌ക്കായുള്ള പുതിയ മെർസിഡീസ് ഇക്യുഇ എസ്‌യുവിയിൽ ആഡംബര നിർമ്മാതാക്കളുടെ ഇക്യു ഇലക്ട്രിക് ബ്രാൻഡിൽ നിന്നുള്ള എല്ലാ എക്സ്റ്റീരിയർ ഡിസൈൻ ഹൈലൈറ്റുകളും നമുക്ക് കാണാനാവും. ഫ്രണ്ടിൽ നോർമൽ ICE ഗ്രില്ല് ഇക്യു ലൈനപ്പിന്റെ സീൽഡ്-ഓഫ് സജ്ജീകരണം കൊണ്ട് മാറ്റി സ്ഥാപിച്ചിരിക്കുന്നതായി കാണാം. ഗ്രില്ലിന് മുകളിലായി അഡാപ്റ്റീവ് ഹൈ ബീം സെറ്റപ്പ് ഫീച്ചർ ചെയ്യുന്ന ഡിജിറ്റൽ ലൈറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകളും അവ തമ്മിൽ കണക്ട് ചെയ്തിരിക്കുന്ന ഒരു ലൈറ്റ്ബാറും വാഹനത്തിന് ലഭിക്കുന്നു. രജിസ്ട്രേഷൻ പ്ലേറ്റിന് താഴെ ഇൻടേക്കിന് ചുറ്റും ഒരു ക്രോം ട്രിമ്മും ബമ്പറിൽ നമുക്ക് കാണാം. ഇക്യുഇ എസ്‌യുവിയുടെ വശങ്ങളിൽ ആദ്യമായി നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നത് 20 ഇഞ്ച് എയ്‌റോ അലോയി വീലുകളാണ്.
അതോടൊപ്പം ഡോർ ഹാൻഡിലുകളിലും വിൻഡോ സറൗണ്ടിലും ഗ്ലോസി ക്രോം എലമെന്റുകൾ, വലതുവശത്തെ റിയർ വീൽ ആർച്ചിന് തൊട്ടുമുകളിൽ ചാർജിംഗ് പോർട്ട് എന്നിവയാണ് വാഹനത്തിന്റെ സൈഡിലുള്ള പ്രധാന സവിശേഷതകൾ. മെർസിഡീസ് ഇക്യുഇ -യുടെ പിന്നിലേക്ക് വരുമ്പോൾ ചെറിയ റൂഫ് മൗണ്ടഡ് സ്‌പോയിലർ, ഹൈ മൗണ്ട് ബ്രേക്ക് ലൈറ്റിനൊപ്പം ഇക്യു ലൈനപ്പ്-നിർദ്ദിഷ്ട 3D ഹെലിക്‌സ് കണക്റ്റഡ് ടെയിൽലൈറ്റുകൾ എന്നിവ പോലുള്ള ഡിസൈൻ ഘടകങ്ങൾ ഉൾപ്പെടുന്നു. ടെയിൽലൈറ്റുകൾക്ക് താഴെ ത്രീ പോയിന്റഡ് സ്റ്റാർ ബാഡ്ജ് മെർസിഡീസ് നൽകിയിരിക്കുന്നു. ബൂട്ട് ആക്സസ് ചെയ്യുന്നതും ഈ ലോഗോയിൽ നിന്നാണ് എന്നത് ശ്രദ്ധിക്കണം.