കൊച്ചി: ഇൻസ്റ്റഗ്രാമിൽ അശ്ലീല കമന്‍റിട്ട ആളിൽ നിന്ന് രണ്ട് ലക്ഷം രൂപ ഭീഷണിപ്പെടുത്തി കൈക്കലാക്കിയെന്ന കേസിൽ അറസ്റ്റിലായ സംഘം ഫിലിം റിവ്യുവറെ മർദ്ദിച്ച കേസിലും പ്രതികൾ. കഴിഞ്ഞ ദിവസമാണ് യുവാവിനെ ഭീഷണിപ്പെടുത്തി 2 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ഒരു യുവതിയടക്കം മൂന്ന് പേർ ഏലൂർ പോലീസിന്‍റെ പിടിയിലാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ഫോളോവേഴ്സുള്ള മലപ്പുറം നിലമ്പൂര്‍ സ്വദേശി സല്‍മാന്‍ ഫാരിസ്, സുഹൃത്ത് ചെങ്ങന്നൂരുകാരി ജെസ്‍ലിന്‍, പണമെത്തിയ ബാങ്ക് അക്കൗണ്ട് ഉടമ അഭിജിത്ത് കെ ലോകേഷ് എന്നിവരാണ് അറസ്റ്റിലായത്. സോഷ്യൽ മീഡിയാ സിനിമാ റിവ്യൂവർ സന്തോഷ് വർക്കിയെ കൊച്ചിയിൽ വെച്ച് മർദ്ദിച്ച കേസിലെ പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
കൊച്ചി ലുലു മാൾ ഇടനാഴിയിൽ സൽമാനും സുഹൃത്തുക്കളും തന്നെ മർദ്ദിച്ചതായി സോഷ്യൽ മീഡിയാ സിനിമാ റിവ്യൂവർ സന്തോഷ് വർക്കി പോലീസിൽ പരാതിപ്പെട്ടിരുന്നു. മർദ്ദന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സന്തോഷിനെതിരെ ഇവർ പരാതി നൽകി. തന്റെ കൂടെയുണ്ടായിരുന്ന ജസ്‍ലിൻ എന്ന പെൺകുട്ടിയെ അപമാനിക്കുന്ന വിധം സംസാരിക്കുകയും തന്നെ മർദ്ദിക്കുകയും ചെയ്തതായാണ് സൽമാൻ ഫാരിസ് പരാതി നൽകിയത്. ഈ വിഷയത്തെ കുറിച്ച് ജസ് ലിൻ ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റിൽ അക്ഷയ് അസഭ്യ കമന്റ് ഇട്ടതുമായി ബന്ധപ്പെട്ട പരാതിയെ തുടർന്നാണ് പണം തട്ടിപ്പ് കേസും അറസ്റ്റും ഉണ്ടായത്.
തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ അക്ഷയ് അശ്ലീല കമന്റുകൾ ഇട്ടതായി ജസ്‍ലിൻ നേരത്തെ ഏലൂർ പോലീസിൽ പരാതി നൽകിയിരുന്നു. അതിനിടെയാണ് അക്ഷയ് തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. അശ്ലീല കമന്റുമായി ബന്ധപ്പെട്ട കേസിൽ നിന്നൊഴിവാക്കാനെന്ന് പറഞ്ഞ് ജസ്‍ലിന്റെ സുഹൃത്ത് സൽമാൻ ഫാരിസ് രണ്ട് ലക്ഷം രൂപ ഭീഷണിപ്പെടുത്തി തട്ടി എന്നായിരുന്നു പരാതി. സൽമാന്റെ സുഹൃത്ത് കുമളി സ്വദേശി അഭിജിത്തിന്റെ അക്കൗണ്ടിലേക്കാണ് പണം അയച്ചതെന്നായിരുന്നു പരാതിയിൽ പറഞ്ഞത്.
സന്തോഷ് വർക്കിയെ സംഘം മര്‍ദ്ദനത്തിന്‍റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇയാളെ അനുകൂലിച്ച് ജസ്‍ലിന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ കോട്ടയത്ത് പഠിക്കുന്ന തൊടുപുഴ സ്വദേശി അക്ഷയ് മോന്‍സി അസഭ്യ സന്ദേശം അയച്ചിരുന്നു. ഇതില്‍ പ്രകോപിതരായ സല്‍മാനും ജസ്‍ലിനും സമൂഹമാധ്യമങ്ങള്‍ വഴി അക്ഷയ് മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ കേസില്‍ ഉള്‍പ്പെടുത്തി ജയിലില്‍ അടയ്ക്കുമെന്നും ഭീഷണിപ്പെടുത്തി. പിന്നാലെ അക്ഷയുടെ ബന്ധുക്കളെയടക്കം ബ്ലാക്ക് മെയില്‍ ചെയ്തു. തുടർന്ന് അക്ഷയിയുടെ ബന്ധുവിന്‍റെയും സുഹൃത്തിന്‍റെയും അക്കൗണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപ ഭീഷണിപ്പെടുത്തി കൈവശപ്പെടുത്തി. അഭിജിത്തിന്‍റെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയത്. വീണ്ടും കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെയാണ് അക്ഷയ് പോലീസിനെ സമീപിച്ചത്. പിന്നാലെ പോലീസ് സല്‍മാനെയും ജസ്‍ലിനെയും അഭിജിത്തിനെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.