നെടുമൺകാവ് : കാർഷിക വിളകൾക്ക് വെള്ളം എത്തിക്കാൻ തടയണകൾ നിർമ്മിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ. കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ നെടുമൺകാവ് ഒന്നാം വാർഡിലാണ് കാർഷിക മേഖലയ്ക്ക് മാതൃകയായി തൊഴിലാളികൾ തടയണകൾ നിർമ്മിച്ചത്. ഒന്നാം വാർഡിന്റെ വടക്കു പടിഞ്ഞാറായാണ് പല്ലൂർ എന്ന നീർത്തട പ്രദേശം. വേനൽക്കാലത്ത് ഈ നീർത്തട പ്രദേശം വറ്റിവരളും. നിരവധി പേർ കൃഷിചെയ്യുന്ന സ്ഥലമാണിത്. കുരുമുളക്, പയർ, പാവൽ തുടങ്ങിയ പച്ചക്കറികളും വെറ്റിലയും ധാരാളമുണ്ട്. പ്ലാന്റേഷൻ കോർപ്പറേഷൻ ചന്ദനപ്പള്ളി റബർ എസ്റ്റേറ്റിൽ നിന്ന് ഉത്ഭവിച്ച് കല്ലേലി തോട്ടിൽ ചേരുന്ന നീർച്ചാലാണിത്. ഇവിടെയാണ് തടയണകൾ നിർമ്മിച്ചത്. ചെറുതും വലുതുമായ 40 ഓളം തടയണകളുണ്ട്. സ്ത്രീ തൊഴിലാളികളായിരുന്നു കൂടുതലും.
ബലവത്തായ കുറ്റികൾ നാട്ടി കാട്ടുകല്ലുകളും ചെളിയും ഉപയോഗിച്ചാണ് ചിറകൾ കെട്ടിയത്. പെരുമഴക്കാലത്ത് മലമുകളിൽ നിന്നുള്ള വെള്ളമൊഴുക്കും വെള്ളം പാഴാകുന്നതും വേനൽക്കാലത്ത് കിണറുകളിലെയും കൈത്തോടുകളിലെയും വെള്ളം വറ്റുന്നതും ഈ തടയണകൾ നിർമ്മിച്ചത് മൂലം തടയാനായി. കൃഷിക്കാർക്കും വലിയ സഹായമായി. തടയണകളുടെ നിർമ്മിതി കാണാൻ മറ്റു പഞ്ചായത്തുകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും അധികൃതരെത്തി. വാർഡ് മെമ്പർ എസ്.പി സജനും എൻ. ആർ. ഇ. ജി. എസ്.. എ. ഇ. സിന്ധു മോളുമാണ് പദ്ധതി ആവിഷ്‌കരിച്ചത്. വിഷ്ണുതമ്പി, അഭിജിത്ത്, രഞ്ജിനി, മേറ്റുമാരായ രാജമ്മ അലക്‌സ്, ഷിബു കുര്യൻ, ഷാന്റി റെജി തുടങ്ങിയവരാണ് നേതൃത്വം നൽകിയത്. പദ്ധതി ഉദ്ഘാടനം ചെയ്ത കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് തൊഴിലാളികളെ അഭിനന്ദിച്ചു. കെ.യു ജനീഷ് കുമാർ എം.എൽ.എയും പങ്കെടുത്തു.