ന്യൂഡൽഹി : രാജ്യത്ത് ഒൻപത് ലക്ഷത്തോളം കോവിഡ് രോഗികൾ ഓക്സിജന്റെ സഹായത്താലാണ് ജീവൻ നിലനിർത്തുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. 1,70,841 രോഗികളാണ് വെന്റിലേറ്ററിൽ ഉള്ളത്, 9,02,291 പേരുടെ ചികിത്സ ഓക്സിജൻ സഹായത്താലുമാണെന്ന് ഹർഷവർധൻ അറിയിച്ചു. രാജ്യത്തെ കോവിഡ് പ്രതിസന്ധി ചർച്ച ചെയ്യാൻ മന്ത്രിമാരുമായി നടത്തിയ വെർച്വൽ യോഗത്തിലാണ് ഹർഷവർധൻ ഇക്കാര്യം അറിയിച്ചത്.
കോവിഡ് രോഗികളിൽ 1.34 ശതമാനം പേർ ഐസിയുവിലും 0.39 ശതമാനം പേർ വെന്റിലേറ്ററിലും 3.70 ശതമാനം പേർ ഓക്സിജൻ പിന്തുണയിലുമാണ് കഴിയുന്നത്. 4,88,861 രോഗികളാണ് ഐസിയു കിടക്കകളിൽ നിറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, വ്യോമയാന മന്ത്രി ഹർദീപ് എസ്. പുരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. നിലവിൽ കോവിഡ് രോഗിളുടെ ആവശ്യത്തിനനുസരിച്ച് ലിക്വിഡ് ഓക്സിജന്റെ നിർമാണം വർധപ്പിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രാലയം സെക്രട്ടറി ഗിരിധർ അരമനെ അറിയിച്ചു.