യു.എൻ: അതിർത്തി കടന്നുള്ള ഭീകരതയെ സ്പോൺസർ ചെയ്യുകയും മേഖലയെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന പാകിസ്താൻ തെമ്മാടി രാജ്യമാണെന്ന് കുറ്റപ്പെടുത്തി ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ. ഭീകരതയ്ക്ക് ഇരയായവരുടെ പുനരധിവാസമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായുള്ള യു.എന്നിന്റെ വിക്റ്റിംസ് ഓഫ് ടെററിസം നെറ്റ്‍വർക്ക് രൂപീകരണ യോഗത്തിലാണ് ഇന്ത്യ വിമര്‍ശനമുന്നയിച്ചത്. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി അംബാസഡർ യോജ്‌ന പട്ടേലാണ് ഭീകരതയെ അപലപിച്ചത്. ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും പ്രചാരണം നടത്തുകയും ചെയ്യുന്നതിന് പാകിസ്താന്റെ പ്രതിനിധി സംഘത്തെ അവർ വിമർശിച്ചു.
ഇന്ത്യയെ ‘അതിർത്തി കടന്നുള്ള ഭീകരതയുടെ ഇര’ എന്ന് വിശേഷിപ്പിച്ച പട്ടേൽ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന പാകിസ്താന്റെ ചരിത്രത്തെക്കുറിച്ചുള്ള പ്രതിരോധ മന്ത്രി ഖാജ ആസിഫിന്റെ തുറന്ന കുറ്റസമ്മതവും ചൂണ്ടിക്കാട്ടി. ‘ഭീകര സംഘടനകളെ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്തതിന്റെ ചരിത്രം പാകിസ്താൻ പ്രതിരോധ മന്ത്രി ഖാജ ആസിഫ് സമ്മതിച്ചത് ലോകം മുഴുവൻ കേട്ടു. ഈ തുറന്ന കുറ്റസമ്മതം ആരെയും അത്ഭുതപ്പെടുത്തുന്നില്ല. ആഗോള ഭീകരതയ്ക്ക് ഇന്ധനം നൽകുകയും മേഖലയെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ഒരു ‘തെമ്മാടി രാഷ്ട്ര’മാണ് പാകിസ്താൻ.’- പട്ടേൽ പറഞ്ഞു. ലോകത്തിന് ഇനി കണ്ണടയ്ക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയെ പിന്തുച്ച ഐക്യരാഷ്ട്രസഭയ്ക്കും അന്താരാഷ്ട്ര സമൂഹത്തിനും പട്ടേല്‍ നന്ദി അറിയിച്ചു. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള നേതാക്കളും സര്‍ക്കാരുകളും നല്‍കിയ ശക്തമായ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും ഇന്ത്യയുടെ നന്ദി. അന്താരാഷ്ട്ര സമൂഹം ഭീകരതയോട് കാണിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ തെളിവാണ് ഈ പിന്തുണ- അവര്‍ വ്യക്തമാക്കി.2025 ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണം 2019 ലെ പുൽവാമ ആക്രമണത്തിന് ശേഷം കശ്മീരിൽ നടന്ന ഏറ്റവും മാരകമായ ആക്രമണമായിരുന്നു.