ചെന്നൈ : ഫാസിസത്തെ പരാജയപ്പെടുത്താനും വർഗീയ രാഷ്ട്രീയത്തിന് പൂർണ വിരാമമിടാനും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്‍ഡ്യാ മുന്നണിക്കായി വിജയത്തിനായി പ്രവർത്തിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിൻ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുന്നതിനായി ജനാധിപത്യ യുദ്ധത്തിന് തയ്യാറെടുക്കാന്‍ തൻ്റെ 71-ാം ജന്മദിനത്തിന് മുന്നോടിയായി പാർട്ടി കേഡർക്ക് അയച്ച കത്തിൽ സ്റ്റാലിൻ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദി പലതവണ തമിഴ്‌നാട് സന്ദർശിക്കുന്നുണ്ടെങ്കിലും പരാജയഭീതി അദ്ദേഹത്തിൻ്റെ മുഖത്ത് കാണാമായിരുന്നുവെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. ഡിഎംകെയെ തകർത്ത് തരിപ്പണമാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസംഗം താൻ വഹിക്കുന്ന പദവിക്ക് അപകീർത്തി വരുത്തി. ഡിഎംകെയെ തകർക്കാൻ തുടങ്ങിയവർക്ക് എന്ത് സംഭവിച്ചുവെന്നത് തമിഴ്നാടിൻ്റെ ചരിത്രത്തിലുണ്ടെന്നും കത്തില്‍ പറയുന്നു.