6ജി സേവനങ്ങൾക്കായി ഇന്ത്യയും അമേരിക്കയും ഒന്നിച്ച് പ്രവർത്തിക്കും. ഇതിനായുള്ള ധാരണാപത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. G20 ഉച്ചകോടി 2023ന്റെ ഭാഗമായി ഇരു രാജ്യങ്ങളും നടത്തിയ ചർച്ചയുടെ ഫലങ്ങളിൽ ഒന്നാണ് 6ജി നെറ്റ് വര്‍ക്കിലെ ഈ പങ്കാളിത്തം. വളരെ പ്രതീക്ഷയോടെയാണ് രണ്ട് രാജ്യങ്ങളും ഈ പങ്കാളിത്തത്തെ നോക്കി കാണുന്നത്. അതിവേഗ ഇന്റർനെറ്റ്, മികച്ച കവറേജ്, കൂടുതൽ വിപുലമായ ഉപയോഗ കേസുകൾ എന്നിവ ലക്ഷ്യംവെച്ചാണ് ലോകം 6ജിയിലേക്ക് ചുവട് വെയ്ക്കുന്നത്.
6ജിയെ കുറിച്ച് ഗവേഷണ പഠനങ്ങൾ നടത്തുക, ടെസ്റ്റുകൾ നടത്തുക, പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം പ്രവർത്തിക്കുക. പൊതു – സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും വെണ്ടർമാരും ടെലികോം ഓപ്പറേറ്റർമാരും തമ്മിലുള്ള ശക്തമായ ബന്ധം കെട്ടിപ്പടുക്കുന്നതിനുമുള്ള ആദ്യപടി കൂടിയാണിത്. ഇതുമായി ബന്ധപ്പെട്ട് പ്രധാന വിവിരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ടിട്ടുണ്ട്. 6ജി പങ്കാളിത്തത്തിന് പുറമെ 2024ൽ ഇന്ത്യയും യുഎസും പങ്കാളിത്തത്തോടെ ബഹിരാകാശദൗത്യവും പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) സന്ദർശിക്കാൻ ആയിരിക്കും ഇന്ത്യയുടെ ഇസ്രോയും യുഎസിന്റെ നാസയും തമ്മിൽ ചേർന്ന് പ്രവർത്തിക്കുക. അടുത്ത വർഷം തന്നെ ഈ ദൗത്യം ഉണ്ടാകുമെന്നും ഇവർ പറയുന്നു. 2023 അവസാനത്തോടെ ഈ പദ്ധതിയുടെ അവസാനം രൂപം തയ്യാറാക്കും.