ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ടെണ്ടറില്‍ പങ്കെടുത്തത് ഇന്ത്യന്‍ കമ്പനികള്‍ മാത്രം. റെയില്‍ ഇടനാഴിക്കായി ബുധനാഴ്ചയാണ് ടെണ്ടര്‍ ക്ഷണിച്ചത്. 20000 കോടി നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിര്‍മ്മാണ ജോലിക്കായുള്ള ടെണ്ടറിലാണ് ഇന്ത്യന്‍ കമ്പനികള്‍ മാത്രം പങ്കെടുത്തത്.
ഗുജറാത്തില്‍ ഉള്‍പ്പെടുന്ന 237 കിലോമീറ്റര്‍ ദൂരമുള്ള ഭാഗം നിര്‍മ്മിക്കാനുള്ള ടെണ്ടറിലാണ് ഇന്ത്യന്‍ കമ്പനികള്‍ മാത്രമുള്ളത്. ദേശീയ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷനാണ് ടെണ്ടര്‍ ക്ഷണിച്ചത്. പദ്ധതിയുടെ 47 ശതമാനം ഉള്‍പ്പെടുന്ന ഗുജറാത്തിലെ വാപി മുതല്‍ വഡോദര വരെയുള്ള ഭാഗത്തെ അലൈന്‍മെന്റിനായാണ് ടെണ്ടര്‍ ക്ഷണിച്ചത്. ഈ ഇടനാഴിയിലെ നാല് സ്റ്റേഷനുകളുടെ നിര്‍മ്മാണവും ഇതിന്റെ ഭാഗമായുണ്ട്.