മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് സ്വര്‍ണത്തോടുള്ള ഭ്രമം വളരെയേറെയാണ്. ആഭരണത്തോടുള്ള പ്രേമവും ചെറുതുമല്ല. വില കുതിച്ചുയരാന്‍ കാരണങ്ങളിലൊന്ന് സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറെയുണ്ട് എന്നതാണ്. എന്നാല്‍ ആഭരണങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നത് മാത്രമാണോ സ്വര്‍ണവില ഇത്രയും കുതിക്കാന്‍ കാരണം. എല്ലാ രാജ്യങ്ങളും സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്. സാമ്പത്തിക ഭദ്രത ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. എത്രത്തോളം സ്വര്‍ണത്തിന്റെ കരുതല്‍ നിക്ഷേപമുണ്ടോ അത്രയും സാമ്പത്തിക ഭദ്രത ഉറപ്പിക്കാം. ഇതാണ് പ്രമുഖ രാജ്യങ്ങളെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്ന രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട് എന്നതാണ് എടുത്തുപറയേണ്ട കാര്യം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സ്വര്‍ണ ഖനനം 2023 ല്‍ വര്‍ധിച്ചിട്ടുണ്ടത്രെ. ആവശ്യക്കാരും ഏറിയിട്ടുണ്ട്. വില കൂടിയതൊന്നും സ്വര്‍ണത്തിന് മാറ്റ് കുറയാന്‍ ഇടയാക്കിയിട്ടില്ലെന്ന് ചുരുക്കം. വ്യക്തികള്‍ വാങ്ങുന്നതിന് പുറമെ രാജ്യങ്ങളും സ്വര്‍ണം വാങ്ങിക്കൂട്ടുന്നു.
2023 ല്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയും തുര്‍ക്കിയും അമേരിക്കയുമാണ് എന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സ്വര്‍ണ വില കുറഞ്ഞ നിരക്കില്‍ ആഭരണം വാങ്ങുന്നവര്‍ക്ക് വലിയ പ്രതീക്ഷ വേണ്ട ഇന്നത്തെ വില കഴിഞ്ഞ വര്‍ഷം ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യവും ഉപയോഗവും വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോള്‍ഡ് ബാര്‍, കോയിന്‍ എന്നിവയിലെ നിക്ഷേപവും വന്‍ തോതില്‍ ഉയര്‍ന്നു. നേരത്തെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് സ്വര്‍ണത്തിന് കൂടുതല്‍ ആവശ്യമുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ മുന്നില്‍. ഇന്ത്യയുടെ സ്വര്‍ണ നിക്ഷേപം 185 ടണ്‍ വര്‍ധിച്ചു. തുര്‍ക്കിയുടേത് 160 ടണ്‍ വര്‍ധിച്ചിട്ടുണ്ട്. അമേരിക്കയുടേത് 113 ടണ്ണും. സ്വര്‍ണ ഖനനത്തിലും മാറ്റം വന്നിട്ടുണ്ട്. ജ്വല്ലറി മേഖലയില്‍ നിന്നുള്ള ആവശ്യം സുസ്ഥിരമാണെന്നും ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
2023 ല്‍ സ്വര്‍ണവിലയില്‍ 15 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ജനുവരിയിലെ വിലയും ഡിസംബറിലെ വിലയും താരതമ്യം ചെയ്താണ് ഇക്കാര്യം പറയുന്നത്. അതുകൊണ്ടുതന്നെ സ്വര്‍ണത്തിലുള്ള നിക്ഷേപം ഒരിക്കലും നഷ്ടമാകില്ലെന്ന് ഉറപ്പിക്കാം. ഓരോ വര്‍ഷവും സ്വര്‍ണത്തിന്റെ വില കുതിക്കുക മാത്രമാകും ചെയ്യുക. കഴിഞ്ഞ വര്‍ഷം മൊത്തം വാങ്ങിയ സ്വര്‍ണത്തിന്റെ 21 ശതമാനവും വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളാണ് സ്വന്തമാക്കിയത്. മിക്ക ബാങ്കുകളും അവരുടെ കരുതല്‍ ധനം സ്വര്‍ണ രൂപത്തിലാണ് സൂക്ഷിക്കുന്നത്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് 70 ശതമാനം കരുതല്‍ ധനവും സ്വര്‍ണരൂപത്തില്‍ സൂക്ഷിക്കുന്നു. ഇന്ത്യയുടെ സ്വര്‍ണ നിക്ഷേപം ഇന്ത്യയിലും വിദേശ ബാങ്കുകളിലുമായിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്.