ഡല്‍ഹി : ഇന്ത്യ-ചൈന തർക്കം തീർക്കാൻ ചർച്ച തുടരും. സമാധാനപരമായി പ്രശ്നം തീർക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. സൈനിക, നയതന്ത്ര ചർച്ചകൾ തുടരും എന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും ഉടമ്പടിയുടെയും ഉഭയകക്ഷി കരാറിന്‍റെയും അടിസ്ഥാനത്തിൽ തര്‍ക്കം പരിഹരിക്കാനാണ് ധാരണ.
അതിർത്തിയിലെ സംഘർഷം തീർക്കാൻ ഇന്നലെ മാരത്തൺ ചർച്ചയാണ് ഇന്ത്യയും ചൈനയും തമ്മിള്‍ നടന്നത്. ചർച്ച സൗഹൃദ അന്തരീക്ഷത്തിലായിരുന്നു എന്ന് ഇന്ത്യ വ്യക്തമാക്കി. രാവിലെ പതിനൊന്നരയ്ക്ക് തുടങ്ങിയ ചർച്ച വൈകിട്ട് ഏഴിന് ശേഷമെന്നാണ് അവസാനിച്ചത് എന്നാണ് സൂചന. ലഫ്റ്റനൻറ് ജനറൽ ഹരീന്ദർ സിംഗിന്‍റെ നേതൃത്വത്തിൽ പത്തിലധികം ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘമാണ് ചർച്ചയ്ക്കായി ചൈനീസ് മേഖലയിലെ മോൾഡോയിലെത്തിയത്. ചർച്ചയുടെ വിശദാംശങ്ങൾ ഇരു രാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല. മേയ് ആദ്യവാരത്തിന് മുമ്പുള്ള സ്ഥിതി പുനഃസ്ഥാപിക്കണം എന്ന നിലപാടാണ് പ്രധാനമായും ഇന്ത്യ ചർച്ചയിൽ സ്വീകരിച്ചത്. ഇന്ത്യയുടെ റോഡ് നിർമ്മാണത്തിലുള്ള ആശങ്ക ചൈന അറിയിച്ചു. ചർച്ചകളെ ബാധിക്കുന്ന തരത്തിൽ അഭ്യൂഹങ്ങൾ പരത്തരുതെന്ന് കരസേന ആവശ്യപ്പെട്ടിട്ടുണ്ട്.