ദില്ലി: ബാധിച്ചവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,912 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 1.35 കോടിയായി. ഇന്നലെ മാത്രം 904 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രോഗബാധിതരായി മരിച്ചവരുടെ എണ്ണം 1,70,179 ആയി.
നിലവിൽ 12,01,009 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. 1,21,56,529 പേർ രോഗമുക്തി നേടി. ഇന്നലത്തെ 11,80,136 സാപിംളുകൾ ഉൾപ്പെടെ ഇതുവരെ 25,78,06,986 സാംപിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആർ അറിയിച്ചു. 10,45,28,565 പേർക്ക് ഇതുവരെ വാക്സീൻ സ്വീകരിച്ചു.
കോവിഡ് ഏറ്റവും മോശമായി ബാധിച്ച് സംസ്ഥാനമായ മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 63,294 പുതിയ കേസുകളും 349 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഈയൊരാഴ്ച സംസ്ഥാനം പൂർണമായി അടച്ചിടാൻ സർക്കാർ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.
മഹാരാഷ്ട്രയ്ക്കു പുറമേ കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഡൽഹിയിലും ഇതുവരെ ഉണ്ടായതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നലെയാണ്. 10,774 പേർക്കാണ് ഇവിടെ 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത്.