ന്യൂഡൽഹി : ഇന്ത്യയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത കോവിഡിന്റെ ഡെല്‍റ്റ വകഭേദം നൂറിലധികം രാജ്യങ്ങളിലേക്ക് പടര്‍ന്നിരുന്നു. ലോകത്തിലെ ഏറ്റവും പ്രബലമായ കോവിഡ് വകഭേദമായി ഡെല്‍റ്റ മാറിയേക്കാമെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഈ വകഭേദം ഒന്ന് കൊണ്ട് മാത്രം ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗം വരുമെന്ന് കരുതാനാവില്ലെന്ന് കേന്ദ്ര ഗവണ്‍മെന്റ് ലോക്‌സഭയെ അറിയിച്ചു.
ഇനിയും കോവിഡ് ബാധിതരാകാനുള്ള ജനസംഖ്യയുടെ ലഭ്യത, വാക്‌സിനേഷന്‍ അടക്കം ഗവണ്‍മെന്റ് നടത്തുന്ന ഇടപെടലുകള്‍ തുടങ്ങി നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയിരിക്കും കോവിഡിന്റെ ഇന്ത്യയിലെ മൂന്നാം തരംഗമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ ലോകസഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
മുന്‍വകഭേദങ്ങളെ അപേക്ഷിച്ച് ഡെല്‍റ്റയ്ക്ക് വ്യാപനശേഷി കൂടുതലാണെന്ന് മന്ത്രി പറഞ്ഞു. കൊറോണ വൈറസിനുണ്ടാകുന്ന മാറ്റങ്ങളെ നിരീക്ഷിക്കുന്നതിന് ഇന്ത്യയിലെ ലാബുകളുടെ ശൃംഖലയായ ഇന്‍സാകോഗ് പോസിറ്റീവ് സാംപിളുകളുടെ ജനിതക സീക്വന്‍സിങ്ങ് തുടരുന്നുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാനങ്ങളുമായും പങ്കുവയ്ക്കപ്പെടുന്നു.
ഡെല്‍റ്റയുടെ ഉള്‍പിരിവായ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയ ജില്ലകളില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ അസ്വാഭാവിക വര്‍ധനയുണ്ടായാല്‍ അറിയിക്കുന്നതിന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര ഗവണ്‍മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ലകളില്‍ കര്‍ശനമായ നിരീക്ഷണം തുടരാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി പറഞ്ഞു.