ന്യൂഡൽഹി: ആവശ്യക്കാർക്കെല്ലാം എത്രയും പെട്ടെന്ന് വാക്സീൻ ലഭ്യമാക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. വാക്സീൻ കയറ്റുമതി ഉടൻ തന്നെ പുനരാരംഭിക്കണമെന്നും ആവശ്യമെങ്കിൽ മറ്റു വാക്സീനുകൾക്കും അനുമതി നൽകണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
നേരത്തെ ഏപ്രിൽ 11 മുതൽ 14 വരെ ‘ടിക ഉത്സവ്’ അല്ലെങ്കിൽ ‘വാക്സീൻ ഉത്സവ്’ ആചരിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വിമർശിച്ച് രാഹുൽ രംഗത്തുവന്നിരുന്നു. വാക്സീൻ ക്ഷാമം രാജ്യം നേരിടുന്ന പ്രധാന പ്രശ്നമാണെന്നും അതൊരു ആഘോഷമല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ ദീർഘവീക്ഷണമില്ലായ്മയും നടപ്പാക്കുന്നതിലെ അലംഭാവവും ശാസ്ത്രലോകവും വാക്സീൻ നിർമാതാക്കളും എടുത്ത പരിശ്രമത്തെ ദുർബലപ്പെടുത്തിയെന്നും രാഹുൽ കുറ്റപ്പെടുത്തി.
വാക്സിനേഷൻ പദ്ധതിയിൽ ഇത്രയധികം പ്രാഗത്ഭ്യം നേടിയിട്ടും മൂന്നു മാസം കൊണ്ട് ജനസംഖ്യയുടെ ഒരു ശതമാനത്തിന് മാത്രം വാക്സീൻ നൽകാനേ സർക്കാരിന് കഴിഞ്ഞുള്ളൂ. കോവിഡ് കേസുകൾ രാജ്യത്ത് ഇത്രയധികം വർധിക്കുന്ന സാഹചര്യത്തിൽ ആഘോഷമല്ല മറിച്ച് കാര്യത്തെ ഗൗരവമായി കാണുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പക്ഷപാതമില്ലാതെ എല്ലാ സംസ്ഥാനങ്ങളിലേക്കും വാക്സീനുകൾ എത്തിക്കാൻ കേന്ദ്രത്തിന് കഴിയണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കോവിഡ് വാക്സീന് ക്ഷാമം അനുഭവിക്കുന്നത് കാട്ടി നിരവധി സംസ്ഥാനങ്ങൾ രംഗത്തുവന്നതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.