ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച അന്തർവാഹിനികളെ തകർക്കാനുപയോഗിക്കുന്ന റോക്കറ്റ് സംവിധാനം വിജയകരമായി പരീക്ഷിച്ചു. ജൂൺ 23 മുതൽ ജൂലൈ എഴ് വരെ നടത്തിയ പരീക്ഷണ പരമ്പരയിൽ റോക്കറ്റ് സംവിധാനം ലക്ഷ്യങ്ങളെല്ലാം പൂർത്തിയാക്കി. എക്‌സ്റ്റൻഡഡ് റേഞ്ച് ആന്റി സബ്മറൈൻ റോക്കറ്റ് (ERASR) ആണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. നാവികസേന കപ്പലായ ഐഎൻഎസ് കവരത്തിയിൽനിന്നാണ് റോക്കറ്റ് പരീക്ഷണണങ്ങൾ നടന്നത്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് റോക്കറ്റ് വികസിപ്പിച്ചത്.
ഡിആർഡിഒയുടെ ഭാഗമായ ആർമമെന്റ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (ARDE), ഹൈ എനർജി മെറ്റീരിയൽ റിസർച്ച് ലബോറട്ടറി, നേവൽ സയൻസ് ആൻഡ് ടെക്‌നോളജിക്കൽ ലബോറട്ടറി എന്നിവ സംയുക്തമായാണ് റോക്കറ്റ് വികസിപ്പിച്ചത്. റോക്കറ്റ് പരീക്ഷണം വിജയകരമായതിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. നാവികസേനയുടെ ആക്രമണശേഷി വർധിപ്പിക്കുന്ന വിജയമാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച ഈ റോക്കറ്റിന് ഇരട്ട റോക്കറ്റ് മോട്ടറുകളാണ് ഉള്ളത്. കൃത്യത, പ്രകടനത്തിലെ സ്ഥിരത എന്നിവ പരീക്ഷണത്തിൽ ഉറപ്പുവരുത്തിയിട്ടുണ്ട്. ആകെ 17 റോക്കറ്റുകൾ വിക്ഷേപിച്ചു പരീക്ഷണം നടത്തി.