ഡല്‍ഹി: എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം. ചെങ്കോട്ടയില്‍ വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. മോദിയുടെ തുടര്‍ച്ചയായ 11-ാം സ്വാതന്ത്ര്യദിനപ്രസംഗമാണിത്. ‘വികസിത ഭാരതം-2047’ എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനപ്രമേയം. ഒളിമ്പിക് താരങ്ങള്‍, യുവാക്കള്‍, ഗോത്രസമൂഹം, കര്‍ഷകര്‍, സ്ത്രീകള്‍, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കള്‍, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍നിന്നുള്ള 6000 പ്രത്യേക അതിഥികളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കേരളത്തില്‍നിന്ന് 30-ലധികം പ്രത്യേക ക്ഷണിതാക്കളും അവരുടെ കുടുംബങ്ങളുമെത്തും.
ബംഗ്ലാദേശിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി പ്രദേശങ്ങളിലും തലസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലും അതീവ ജാഗ്രത ഏര്‍പ്പെടുത്തി.പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തുന്ന ചെങ്കോട്ടയും പരിസരവും ബഹുതല സുരക്ഷാ വലയത്തിലാണ്. ചെക്‌പോസ്റ്റുകളും ദേഹപരിശോധനാ പോയിന്റുകളും ഉപയോഗിച്ച് ചെങ്കോട്ടയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. സി.സി.ടി.വി. ക്യാമറകളും ഡ്രോണുകളും ഉപയോഗിച്ച് പ്രദേശം മുഴുവന്‍ നിരീക്ഷിക്കും. റോഡ് ഗതാഗതം നിയന്ത്രിക്കും. ആഘോഷപരിപാടികള്‍ നടക്കുന്നിടത്ത് വിമാനങ്ങളും ഡ്രോണുകളും പറത്തുന്നതിന് നിയന്ത്രണമുണ്ട്. എന്‍.എസ്.ജി. സ്‌നൈപ്പര്‍മാര്‍, എലൈറ്റ് കമാന്‍ഡോകള്‍, പോലീസുദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ബഹുതല സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.