ന്യൂഡൽഹി : മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും ഒടുവിലാണ് നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഇന്ത്യൻ സംഘം സുരക്ഷിതമായി രാജ്യത്ത് തിരിച്ചെത്തിയത്. 36 മണിക്കൂർ നീണ്ട രക്ഷാ ദൗത്യത്തിന് ഒടുവിലാണ് ഇന്ത്യൻ സംഘത്തിന് അഫ്ഗാൻ വിടാനായത്.
ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ സാഹചര്യം ഒരുക്കണമെന്ന റഷ്യ അടക്കമുള്ള രാജ്യങ്ങളുടെ അഭ്യർത്ഥന താലിബാൻ പരിഗണിച്ചു. ഒടുവിൽ താലിബാൻ അകമ്പടിയിലാണ് ഇന്ത്യൻ സംഘം കാബൂൾ വിമാനത്താവളത്തിലെത്തിയത്. എല്ലാവരെയും ഒന്നിച്ച് ഒഴിപ്പിക്കാനായിരുന്നു ആദ്യ പദ്ധതി. ഓഗസ്റ്റ് 16 ന് തിങ്കളാഴ്ച 45 ഇന്ത്യക്കാരുമായി ഒരു വാഹനവ്യൂഹം വിമാനത്താവളത്തിൽ സുരക്ഷിതമായി എത്തി. എന്നാൽ രണ്ട് വാഹനവ്യൂഹങ്ങളെ താലിബാൻ തിരികെ അയയ്ക്കുകയായിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥൻ ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഇന്ത്യൻ നയതന്ത്ര്യ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള 80 പേരടങ്ങിയ സംഘത്തെയാണ് മടക്കിയയച്ചത്. ഇന്ത്യക്കാർക്ക് മാത്രമാണ് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചത്. മറ്റ് രാജ്യങ്ങളിൽ ഉള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല. രാക്ഷാ ദൗത്യവുമായി ഇന്ത്യൻ വിമാനം കാബൂളിൽ എത്തിയ ശേഷമാണ് സ്ഥിതിഗതികൾ കൂടുതൽ വഷളായത്. റഷ്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളുമായി ഇന്ത്യൻ സർക്കാർ നേരത്തെ തന്നെ ചർച്ചകൾ ആരംഭിച്ചിരുന്നു. ഇതേതുടർന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി വിമാനത്താവളത്തിൽ എത്തിക്കാൻ താലിബാൻ അനുമതി നൽകി.
അംബാസഡർ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ഇന്ത്യൻ വാഹന വ്യൂഹത്തിന് വിമാനത്താവളം വരെ താലിബാൻ എസ്കോർട്ടുണ്ടായിരുന്നു. തുടർന്ന് കാബൂളിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ സി-17ൽ ഇന്ത്യൻ സംഘം പറന്നുയർന്നു. കാബൂൾ വിമാനത്താവളം നിലവിൽ അമേരിക്കൻ നിയന്ത്രണത്തിലാണ്. എയർ ട്രാഫിക്കിനെ നിയന്ത്രിക്കുന്നതും അമേരിക്കയാണ്. 45 യാത്രക്കാരുമായി വിമാനം ഡൽഹിയിൽ ഇറങ്ങുന്നത് തിങ്കളാഴ്ച രാത്രിയാണ്. എംബസി ജീവനക്കാരും ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് ഉദ്യോഗസ്ഥരുമായി രണ്ടാമത്തെ വിമാനം ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ജാം നഗറിൽ ഇറങ്ങുന്നത്.