ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമ സ്ഥാപനങ്ങളുടെയും ട്വീറ്റുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്. 2021 ജൂലൈ-ഡിസംബർ കാലയളവിലെ ട്വിറ്റർ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോം ഈ റിപ്പോർട്ട് പുറത്തു വിട്ടത്.
ട്വിറ്റര്‍ അക്കൗണ്ട് വിവരങ്ങള്‍ തേടുന്നതില്‍ യു.എസിന് തൊട്ടുപിന്നിലാണ് ഇന്ത്യ. ഇത് ആഗോളതലത്തിലെ വിവര അഭ്യര്‍ഥനയുടെ 19 ശതമാനം വരുമെന്നും ട്വിറ്റര്‍ റിപ്പോര്‍ട്ട് പറയുന്നു. ഏറ്റവും കൂടുതല്‍ ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട ആദ്യത്തെ അഞ്ചു രാജ്യങ്ങളില്‍ ഇന്ത്യയുണ്ട്.
2021 ജൂലൈ-ഡിസംബര്‍ കാലയളഴില്‍ 114 തവണയാണ് ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ട്വിറ്ററിന് നിര്‍ദേശം നല്‍കിയത്. തൊട്ടുപിന്നില്‍ തുര്‍ക്കി (78), റഷ്യ (55), പാകിസ്താന്‍ (48) എന്നീ രാജ്യങ്ങളാണ്. ആ വര്‍ഷം ജനുവരി-ജൂണ്‍ കാലയളവിലും പട്ടികയില്‍ ഇന്ത്യ തന്നെയായിരുന്നു ഒന്നാമത്. 2021 ജൂലൈ-ഡിസംബർ കാലയളവിൽ 23 കോടതി ഉത്തരവുകളും 3,969 മറ്റ് നിയമപരമായ ആവശ്യങ്ങളും ഉൾപ്പെടുന്നുണ്ട്. ഇക്കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള 88 അക്കൗണ്ടുകളും 303 ട്വീറ്റുകളും ട്വിറ്റർ തടഞ്ഞുവച്ചതായും റിപ്പോർട്ട് പറയുന്നു. ആഗോള സംരക്ഷണ അഭ്യർത്ഥനകളിൽ 85 ശതമാനവും യുഎസും (34 ശതമാനം) ഇന്ത്യയും (51 ശതമാനം) ചേർന്നാണ് നടത്തിയിരിക്കുന്നത്.