ഇംഫാല്‍: വംശീയ കലാപത്തിൽ വലയുന്ന മണിപ്പൂരിൽ സന്ദർശനത്തിനെത്തിയ ഇൻഡ്യ പ്രതിപക്ഷ സഖ്യം രാജ്ഭവനിലെത്തി. ഗവർണർ അനുസൂയ യുകെയുമായി കൂടിക്കാഴ്ച നടത്തി പ്രതിനിധി സംഘം ഉച്ചക്കുശേഷം ഡൽഹിയിലേക്ക് മടങ്ങും. കുക്കി, മെയ്തെയ് ദുരിതാശ്വാസ ക്യാമ്പുകളും സംഘം സന്ദർശിച്ചിരുന്നു. സംഘർഷം ഇന്ത്യയുടെ പ്രതിച്ഛായക്ക് കോട്ടം വരുത്തിയെന്ന് സംഘം പറഞ്ഞു. 16 പ്രതിപക്ഷ പാർട്ടികളിലെ 21 എം.പിമാരാണ് മണിപ്പൂർ സന്ദർശന സംഘത്തിലുള്ളത്. ശനിയാഴ്ച ഇംഫാലിലെത്തിയ സംഘം ചുരാചന്ദ്പൂർ, ഇംഫാൽ, ബിഷ്ണുപൂർ എന്നിവിടങ്ങളിലെ കുക്കി, മെയ്തെയ് ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചിരുന്നു.
വനിതാ എം.പിമാർ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായ യുവതികളെയും കുടുംബത്തെയും ആശ്വസിപ്പിച്ചു. മണിപ്പൂർ വിഷയത്തിൽ പാർലമെന്‍റിൽ ഒരാഴ്ചയായി തുടരുന്ന പ്രതിഷേധത്തിന്‍റെ തുടർച്ചയായാണ് പ്രതിപക്ഷ പ്രതിനിധി സംഘത്തിന്‍റെ മണിപ്പൂർ സന്ദർശനം. കേരളത്തിൽനിന്ന് കൊടിക്കുന്നിൽ സുരേഷ്, ഇ.ടി മുഹമ്മദ് ബഷീർ, എൻ.കെ പ്രേമചന്ദ്രൻ, എ.എ. റഹീം, പി. സന്തോഷ് കുമാർ എന്നിവരാണ് സംഘത്തിലുള്ളത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് എം.പിമാരായ അതിർ രഞ്ജൻ ചൗധരി, ഗൗരവ് ഗൊഗോയി, രാജീവ് രഞ്ജൻ ലാലൻസിംഗ്, സുഷ്മിത ദേവ്, കനിമൊഴി കരുണാനിധി, പ്രഫ. മനോജ്കുമാർ ജാ, ജാവേദ് അലിഖാൻ, മഹുവാ മാജി, പി.പി മുഹമ്മദ് ഫൈസൽ, അനീൽ പ്രസാദ് ഹെഗ്‌ഡെ, സുഷീൽ ഗുപ്ത, അരവിന്ദ് സ്വാന്ദ്, ഡി രവികുമാർ, തിരുതോൽ തിരുമാൾവൻ, ജയന്ത് സിംഗ്, പൗലോ ദേവിനിതം എന്നിവരാണ് സംഘത്തിലുള്ളത്.