ബെയ്‌ജിങ്ങ്: ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പിന്നാലെ തിരിച്ചടി നേരിട്ട് ചൈനയിലെ പ്രതിരോധ കമ്പനികളുടെ ഓഹരികള്‍. ഇന്ത്യയുടെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പാക് ആക്രമണങ്ങളെ നിര്‍വീര്യമാക്കിയിരുന്നു. ഈ ആക്രമണങ്ങള്‍ക്ക് ചൈനീസ് നിര്‍മിത ഡ്രോണുകളും മിസൈലുകളുമാണ് പാകിസ്താന്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഹാങ്‌സെങ് ചൈന എ എയ്‌റോസ്‌പേസ് ആന്‍ഡ് ഡിഫെന്‍സ് സൂചിക മൂന്ന് ശതമാനം ഇടിവ് നേരിട്ടു. ജെ 10സി യുദ്ധ വിമാനങ്ങളുടെ നിര്‍മാതാക്കളായ എവിക് ചെങ്ദു, ഷുഷൗ ഹോങ്ഡ എന്നിവ യഥാക്രമം 8.6 ശതമാനം, 6.3 ശതമാനം തകര്‍ന്നു. ജെ 10 സി യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചതായി പാക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദാര്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.
ഷുഷൈ ഹോങ്ഡ ഇലക്ട്രോണിക്‌സ് കോര്‍പ് ആണ് പിഎല്‍ 15 മിസൈലുകളുടെ നിര്‍മാതാക്കള്‍. പാക് സൈന്യം ഈ മിസൈലുകളും ഉപയോഗിച്ചിരുന്നു. 2020-24 കാലയളവില്‍ പാകിസ്താന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വിറ്റത് ചൈനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊത്തം ആയുധ ഇറക്കുമതിയുടെ 81 ശതമാനവും ചൈനയില്‍ നിന്നാണ്. നെതര്‍ലാന്‍ഡ് (5.5%), തുര്‍ക്കി (3.8%) എന്നിങ്ങനെയാണ് പാക്‌സിതാന്റെ ആയുധ കച്ചവടത്തിലെ വിഹിതം. ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രതിരോധ കൂട്ടായ്മയാണ് ഏവിയേഷന്‍ കോര്‍പറേഷന്‍ ഓഫ് ചൈന. നിരവധി രൂപകല്പന സ്ഥാപനങ്ങളും നിര്‍മാണശാലകളും ഈ സംവിധാനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.