ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പശ്ചാത്തലത്തിൽ ഇന്ത്യ-പാകിസ്താൻ സംഘർഷാവസ്ഥ തുടരവെ സൈബറിടങ്ങളിലും പാകിസ്താനെതിരെയുള്ള വിലക്കുമായി രാജ്യം. ഇന്ത്യയിൽ പാകിസ്താൻ ഗായകരുടെയും അഭിനേതാക്കളുടെയും സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾക്ക് നിരോധനം മുൻപ് ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ ഓടിടി പ്ലാറ്റ്ഫോമുകളിൽ ഉൾപ്പടെ പാകിസ്താൻ സിനിമകൾക്കും സീരിസുകൾക്കും ഇന്ത്യ വിലക്കേർപ്പെടുത്തിയിരക്കുകയാണ്. കേന്ദ്ര സർക്കാരിൻ്റെ തീരുമാനത്തിന് പിന്നാലെ ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റ് മിനിസ്ട്രി ഉത്തരവിറക്കി. നേരത്തെ പാക് സർക്കാരിന്റെ എക്സ് അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
കേന്ദ്ര സർക്കാരിന്റെ ആവശ്യം അനുസരിച്ച് എക്‌സിന്റേതായിരുന്നു നടപടി. ഗവണ്മെന്റ് ഓഫ് പാക്കിസ്ഥാൻ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകൾക്കും ഇന്ത്യയിൽ വിലക്കുണ്ട്. സിന്ധു നദീജല കരാർ മരവിപ്പിക്കാൻ തുടങ്ങി നിരവധി നടപടികൾ കൈകൊണ്ട ശേഷമാണ് എക്സ് അക്കൗണ്ടും കേന്ദ്രസർക്കാർ മരവിപ്പിച്ചത്. പിന്നാലെ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ യൂട്യൂബ് ചാനലിന് ഇന്ത്യയില്‍ വിലക്കേർപ്പെടുത്തിയിരുന്നു. പാക് നടന്‍ ഫവാദ് ഖാന്‍, ഗായകരായ ആതിഫ് അസ്ലം, റഹാത് ഫതേഹ് അലി ഖാന്‍ എന്നിവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും നിരോധിച്ചിട്ടുണ്ട്.