ദില്ലി: ഭാവിയിലെ ഏത് ആക്രമണത്തെയും ഇനി യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ. പാക് പ്രകോപനം തുടരുന്നതിനിടെയാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പിന്നാലെ വൈകിട്ടോടെ വെടിനിർത്തൽ പ്രഖ്യാപനവും വന്നു. ഇന്ന് തന്ത്രപ്രധാന വ്യോമത്തവളങ്ങൾ ആക്രമിച്ച് ഇന്ത്യ പാകിസ്ഥാന് തിരിച്ചടി നൽകി. റാവൽപിണ്ടിയും സിയാൽകോട്ടുമടക്കം കേന്ദ്രങ്ങളിൽ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് കൃത്യമായ ആക്രമണം നടത്തിയെന്ന് സൈന്യം സ്ഥിരീകരിച്ചിരുന്നു. നിയന്ത്രണരേഖയ്ക്ക് അപ്പുറമുള്ള പാക് ഭീകരരുടെ ലോഞ്ച് പാഡുകളും സൈനിക പോസ്റ്റുകളും തകർത്തിരുന്നു.
പിന്നാലെയാണ് വെടിനിർത്തലിലേക്ക് എത്തിയത്. ഉച്ചയോടെ പാക് സൈന്യത്തിലെ ഡിജിഎംഒ ബന്ധപ്പെട്ട് വെടിനിർത്തലിന് താത്പര്യം അറിയിച്ചെന്നാണ് കേന്ദ്ര വിദേശകാര്യ സെക്രട്ടറി അറിയിച്ചത്. സൈനിക തലത്തിൽ ചർച്ച തുടരും. അതിനിടെ കേന്ദ്രസർക്കാരിൻ്റെ വാർത്താ സമ്മേളനത്തിന് തൊട്ടുമുൻപ് ഡോണാൾഡ് ട്രംപ്, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി എന്നിവർ സമൂഹ മാധ്യമമമായ എക്സിലൂടെ വെടിനിർത്തൽ വാർത്ത പ്രഖ്യാപിച്ച് തങ്ങളുടെ ഇടപെടൽ ഫലം കണ്ടെന്ന് അവകാശപ്പെട്ടു. പക്ഷെ ഇന്ത്യ മൂന്നാം കക്ഷി ഇടപെട്ടില്ലെന്ന് വ്യക്തമാക്കി അമേരിക്കയുടെ അവകാശവാദം തള്ളി.