ന്യൂഡൽഹി : ബഹുധ്രുവ ലോകത്ത് ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗമെന്ന നിലയിൽ ചൈനയുമായി മികച്ച ബന്ധം സ്ഥാപിക്കണമെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട്. ഇന്ത്യയും ചൈനയും സഖ്യകക്ഷികളാകേണ്ടതില്ലെങ്കിലും പ്രതിരോധ വ്യാപാര കരാറുകളിലെ അമേരിക്കൻ സമ്മർദ്ദം അടക്കമുള്ള വെല്ലുവിളികൾ നേരിടുന്നതിന് ഇന്ത്യയും ചൈനയും തമ്മിലുള്ള മെച്ചപ്പെട്ട ബന്ധം കൂടുതൽ വഴക്കം നൽകുമെന്നും പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു.’ഒരു ബഹുധ്രുവ ലോകത്ത് നമ്മുടെ രാജ്യത്തിന്റെ നേട്ടത്തിനും താൽപ്പര്യത്തിനും വേണ്ടി, സഖ്യകക്ഷികളാകാതെ തന്നെ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ കരുതുന്നു. സന്തുലിതവും സാധാരണവുമായ രീതിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്’ എന്നായിരുന്നു പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പ്രകാശ് കാരാട്ടിൻ്റെ പ്രതികരണം.
കിഴക്കൻ ലഡാക്കിലെ സമീപകാല സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളും കൈലാസ് മാനസസരോവർ സന്ദർശിക്കുന്ന തീർത്ഥാടകർക്കുള്ള വിസ അനുമതികൾ വർദ്ധിപ്പിച്ചതും ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുന്നതിൻ്റെ സൂചനകളായി കാരാട്ട് ചൂണ്ടിക്കാട്ടി. ‘നമ്മൾ ഇപ്പോൾ ശരിയായ പാത സ്വീകരിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. നമ്മൾ സഖ്യകക്ഷികളാകേണ്ടതില്ല. പക്ഷേ നല്ല ബന്ധം നിലനിർത്തുകയാണെങ്കിൽ, വികസിച്ചുകൊണ്ടിരിക്കുന്ന വളരെ സങ്കീർണമായ അന്താരാഷ്ട്ര സാഹചര്യത്തിൽ ഇടപെടാനും തന്ത്രങ്ങൾ മെനയാനുമുള്ള നമ്മുടെ ശേഷി വർദ്ധിക്കുകയും അത് നമുക്ക് ഗുണകരമാകുമെന്നും’, പ്രകാശ് കാരാട്ട് പറഞ്ഞു. 2008-ലെ ഇന്തോ-അമേരിക്കൻ ആണവ കരാറിനെതിരെ സിപിഐഎം സ്വീകരിച്ച ശക്തമായ സമീപനത്തെക്കുറിച്ചും കാരാട്ട് വിശദീകരണം നൽകി. വാഷിംഗ്ടണുമായി കൂടുതൽ ആഴത്തിലുള്ള തന്ത്രപരമായ സഖ്യത്തിന് ഈ നീക്കം വഴിയൊരുക്കിയെന്നും ഡൊണാൾഡ് ട്രംപ് പ്രസിഡന്റായിരിക്കെ ഇത് ഇന്ത്യയെ ഇപ്പോൾ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണെന്നും കാരാട്ട് അഭിപ്രായപ്പെട്ടു. ‘ആളുകൾ ഇന്ത്യ-അമേരിക്ക ആണവ കരാറിനോടുള്ള ഞങ്ങളുടെ എതിർപ്പിനെ കരാറിന്റെ ചട്ടക്കൂടിനുള്ളിൽ മാത്രമേ കണ്ടുള്ളൂ. ഞങ്ങൾ അതിനെ വിശാലമായ ഒരു കാഴ്ചപ്പാടിൽ കണ്ടു. ഈ ആണവ കരാർ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നുവെന്നായിരുന്നു അമേരിക്ക പറഞ്ഞത്. പക്ഷേ നമ്മൾ ഏർപ്പെട്ട കരാർ ഒരു സൈനിക, പ്രതിരോധ കരാറായിരുന്നു, പത്ത് വർഷത്തെ സൈനിക ചട്ടക്കൂടുള്ള കരാർ’ എന്നായിരുന്നു പ്രകാശ് കാരാട്ടിൻ്റെ പ്രതികരണം.