ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷം കനക്കവെ പ്രതിരോധ മുന്നൊരുക്കം ഇന്ത്യ ശക്തമാക്കി. പാകിസ്താൻ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് തിരക്കിട്ട നീക്കം. സംഘർഷസാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി. മോക്ഡ്രിൽ ഏഴിന് നടത്താനാണ് നിർദേശം. അതിർത്തിയോടുചേർന്നുള്ള സംസ്ഥാനങ്ങളോടാണ് പ്രധാനമായും പറഞ്ഞിരിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ ഇന്ത്യക്ക് പൂർണപിന്തുണയറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ഫോൺസംഭാഷണത്തിൽ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പൂർണപിന്തുണ നൽകുന്നതായി വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും പുതിൻ പറഞ്ഞു. ജപ്പാൻ പ്രതിരോധമന്ത്രി ജെൻ നകതാനിയുമായി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തി. ഭീകരവാദത്തിനെതിരേ ഇന്ത്യയുടെ പോരാട്ടത്തിന് ജപ്പാൻ പിന്തുണപ്രഖ്യാപിച്ചു. ഇന്ത്യൻ പ്രതിരോധ വെബ്‌സൈറ്റുകൾ ഹാക്ക്ചെയ്യാൻ പാക് സൈബർഗ്രൂപ്പുകൾ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം ജമ്മു-കശ്മീർ അതിർത്തി നിയന്ത്രണരേഖയിൽ പാകിസ്താൻ വെടിവെപ്പ് തുടരുകയാണ്. ഇന്ത്യ ശക്തിയായി തിരിച്ചടിച്ചു.
മോക്‌ഡ്രില്ലിൽ
- വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കൽ
- അടിയന്തരസാഹചര്യങ്ങൾ നേരിടാൻ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പരിശീലനം നൽകൽ
- അടിയന്തര ബ്ലാക്കൗട്ട് (കാഴ്ചയിൽനിന്ന് മറച്ചുപിടിക്കൽ) സംവിധാനങ്ങളൊരുക്കൽ
- സുപ്രധാന പ്ലാന്റുകളും സ്ഥാപനങ്ങളും മറയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കൽ, ഒഴിപ്പിക്കൽ പദ്ധതി, അതിനാവശ്യമായ പരിശീലനമൊരുക്കൽ