ദില്ലി: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടല്‍ തുടരുകയാണ്. ഉച്ചയോടെ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരില്‍ മൂന്ന് പേരും വൈകീട്ടോടെ വീരചരമം പ്രാപിക്കുകയായിരുന്നു. രജൗരിയിലെ കാണ്ടി വനത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാവിലെ 7:30 ഓടെയാണ് സൈന്യം ഓപ്പറേഷന്‍ ആരംഭിച്ചത്.
ടോട്ട ഗലി മേഖലയില്‍ സൈനിക ട്രക്കിന് നേരെ ആക്രമണം നടത്തിയ ഭീകരരെ പിടികൂടാനായിരുന്നു ഈ തിരച്ചിലെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. ഏറ്റുമുട്ടലിനിടെ ഭീകരര്‍ സൈനികര്‍ക്ക് നേരെ സ്‌ഫോടകവസ്തു പ്രയോഗിച്ചു. സ്ഫോടനത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തുവെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, പരിക്കേറ്റ മൂന്ന് സൈനികര്‍ മരിച്ചു. ചെങ്കുത്തായ പാറക്കെട്ടുകളും മരങ്ങളും നിറഞ്ഞ ഇടതൂര്‍ന്ന പ്രദേശത്താണ് ഒരു കൂട്ടം ഭീകരര്‍ കുടുങ്ങിയിരിക്കുന്നത്. ഓപ്പറേഷന്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.