ബുറൈദ : കൊവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങള്‍ അടച്ചതോടെ നാട്ടിലെത്തിക്കാന്‍ കഴിയാതിരുന്ന ഇന്ത്യക്കാരന്റെെ മൃതദേഹം സൗദി അറേബ്യയില്‍ ഖബറടക്കി. ഖസീം പ്രവിശ്യയിലെ റിയാദുല്‍ ഖബ്റയില് സ്വദേശി വീട്ടില്‍ ഡ്രൈവറായിരുന്ന ബിഹാര്‍ പട്ന സ്വദേശി മെഹ്ബൂബ് മുജിബുല്‍ ഹഖിന്റെ (56) മൃതദേഹമാണ് റിയാദുല്‍ ഖബ്റയിലെ മസ്ജിദ് മഖ്ബറയില് ഖബറടക്കിയത്. ഏഴു വര്‍ഷമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാളെ കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദുല്‍ ഖബ്റയിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയക്കുവേണ്ടി ബുഖൈരിയ സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ശാസ്ത്രക്രിയക്ക് വിധേയനായെങ്കിലും നാലാം ദിവസം മരണത്തിന് കീഴടങ്ങി. ഒരു വര്‍ഷം മുമ്ബാണ് നാട്ടില്‍ അവധിക്ക് പോയി മടങ്ങിവന്നത്. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ വീട്ടുകാര്‍ ആഗ്രഹിച്ചെങ്കിലും വിമാന സര്‍വിസ് ഇല്ലാത്തതിനാല്‍ അവരുടെ അഭിലാഷം പൂര്‍ത്തീകരിക്കാനായില്ല. സാമൂഹിക പ്രവര്‍ത്തകനായ സലാം പറാട്ടിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിങ്ങിന്റെ സഹായത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു.
മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള സാമ്പത്തിക സഹായമടക്കം വാഗ്ദാനം ചെയ്ത് തൊഴിലുടമയായ സ്വദേശി പൗരനും ഒപ്പമുണ്ടായിരുന്നു. അപ്പോഴേക്കും വിമാനത്താവളങ്ങള്‍ അടച്ചതോടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമം ഉപേക്ഷിക്കുകയും കുടുംബത്തിന്റെ സമ്മതപ്രകാരം മൃതദേഹം റിയാദുല്‍ ഖബ്റയില് മറവുചെയ്യുകയുമായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ കടുത്ത നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഹ്രസ്വമായ സംസ്കാര ചടങ്ങുകള്‍ നടത്തിയത്. മരിച്ച മെഹ്ബൂബ് മുജിബുല്‍ ഹഖിന്റെ ഭാര്യ യാസ്മിന്. മക്കള്‍: ഫഹദ്, ഫറീന, അഫ്രീന, ഫഹിം.