ഡൽഹി : കൊവിഡ് വൈറസ് രോഗം കൂടുതല്‍ പേരിലേക്ക് പടരുന്ന സാഹചര്യത്തില്‍ തിരിച്ചെത്താന്‍ സാധിക്കാതെ ഇറ്റലിയിൽ കുടുങ്ങി കിടക്കുന്ന 300 ഓളം ഇന്ത്യൻ വിദ്യാർത്ഥികളെ സഹായിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചതായി ഇറ്റലിയിലെ ഇന്ത്യൻ എംബസി. ഇവരുടെ സാമ്പിളുകൾ ശേഖരിച്ചെന്നും ഇതിന്റെ പരിശോധന ഫലം ഉടൻ ലഭ്യമാകുമെന്നും എംബസി വ്യക്തമാക്കി.
ഇറ്റലിയിലെ സ്ഥിതിഗതികൾ ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ 345 പേരാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. നിലവിലെ കണക്കുകള്‍ പ്രകാരം ഇറ്റലിയിൽ ആകെ മരണസംഖ്യ 2500 കടന്നു. അതേസമയം കൊവിഡ് മരണം കുതിച്ചുയരുന്ന യൂറോപ്പിൽ സമ്പൂർണ്ണ പ്രവേശന വിലക്ക് നിലവിൽ വന്നു. യൂറോപ്യൻ യൂണിയൻ സമ്പൂർണ്ണ വിലക്ക് പ്രഖ്യാപിച്ചതോടെ ഇനി ഒരു യൂറോപ്യൻ രാജ്യത്തേക്കും യാത്ര സാധ്യമാകില്ല. സാമ്പത്തിക തകർച്ചയിലായ പൗരന്മാർക്ക് ആശ്വാസം നൽകാൻ അമേരിക്കയും ബ്രിട്ടനും പ്രത്യേക സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചു.