ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ പുതിയ സംയുക്ത സൈനികമേധാവിയായി (സി.ഡി.എസ്) റിട്ടയേർഡ് ലെഫ്. ജനറല്‍ അനില്‍ ചൗഹാനെ തീരുമാനിച്ചു. സംയുക്ത സൈനികമേധാവിയായിരുന്ന ജനറല്‍ ബിപിന്‍ റാവത്ത് ഹെലികോപ്ടര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരണമടഞ്ഞ് ഒമ്പത് മാസം പിന്നിടുമ്പോഴാണ് പുതിയ നിയമനം. സൈന്യത്തിന്‍റെ ഈസ്റ്റേണ്‍ കമാന്‍ഡ് ചീഫായി 2021ലാണ് ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ വിരമിച്ചത്.
ജമ്മു കശ്മീരിലെയും വടക്കുകിഴക്കന്‍ മേഖലകളിലെയും നുഴഞ്ഞുകയറ്റം തടയുന്ന പ്രവര്‍ത്തനങ്ങളില്‍ വിപുലമായ അനുഭവസമ്പത്തുള്ളയാളാണ് അദ്ദേഹം. സൈന്യത്തിലെ സ്തുത്യര്‍ഹ സേവനത്തിന്, പരമ വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍, സേവ മെഡല്‍ എന്നിവ നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനാണ് തമിഴ്‌നാട്ടില്‍ ഊട്ടിക്കടുത്തുള്ള കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായ ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയുമടക്കം 13 പേര്‍ മരിച്ചത്.
സേനാവിഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതിരോധമന്ത്രിയുടെ മുഖ്യ സൈനിക ഉപദേഷ്ടാവായി പ്രവര്‍ത്തിക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണ് സംയുക്ത സൈനിക മേധാവി. പ്രതിരോധ രംഗത്ത് കൃത്യമായ ഏകോപനം നിലനിര്‍ത്തുക എന്നതും സി.ഡി.എസിന്‍റെ ചുമതലയാണ്. മേക്ക് ഇന്‍ ഇന്ത്യ പ്രതിരോധ പദ്ധതിയുടെയും പ്രതിരോധ മേഖലയിലെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികളുടെയും ചുമതലയും സംയുക്ത സൈനിക മേധാവിക്കായിരിക്കും.